ലിഫ്റ്റ് നൽകി വഴിമാറ്റി; വീട്ടമ്മയുടെ സ്വർണമാല കവർന്നു

പാണപ്പുഴ സ്കൂട്ടറിൽ ലിഫ്റ്റ് നൽകി ആളില്ലാത്ത വഴിയിൽ നിർത്തി മാലപൊട്ടിച്ചതായി വീട്ടമ്മയുടെ പരാതി. ശനി രാവിലെ 6.45ന് പാണപ്പുഴ സ്കൂളിന് സമീപത്തെ വഴിയിലായിരുന്നു സംഭവം. കണാരംവയൽ സ്വദേശിനി എടവൻ ഹൗസിൽ ശാന്ത (58) യുടെ ഒന്നരപ്പവൻമാലയാണ് പൊട്ടിച്ചത്. കണാരംവയലിൽനിന്ന് മാതമംഗലം ഭാഗത്തേക്ക് പോകാനായി കണ്ണങ്കൈയിൽനിന്ന ശാന്തയോട് പരിചയഭാവം കാണിച്ച് താനും മാതമംഗലത്തേക്കാണെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റുകയായിരുന്നു. പാണപ്പുഴ സ്കൂൾ സ്റ്റോപ്പ് എത്തിയപ്പോൾ എളുപ്പവഴിയാണെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന ഇട റോഡിലേക്ക് കയറി. ആളില്ലാത്ത സ്ഥലമെത്തിയപ്പോൾ അവിടെ ശാന്തയെ ഇറക്കിയതിനുശേഷം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പരിയാരം പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.








0 comments