വികസന പദ്ധതികൾ താളംതെറ്റുന്നു ഫണ്ട് കുടിശ്ശികയിൽ ശ്വാസംമുട്ടി തദ്ദേശസ്ഥാപനങ്ങൾ

കണ്ണൂർ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ പ്ലാൻഫണ്ടും യഥാസമയം ലഭിക്കാതായതോടെ തദ്ദേശസ്ഥാപനങ്ങളുടെ വികസന പദ്ധതികൾ താളംതെറ്റി. തനത് വരുമാനമില്ലാത്ത ഗ്രാമ- –ബ്ലോക്ക് പഞ്ചായത്തുകൾക്കാണ് രൂക്ഷ പ്രതിസന്ധി. വാർഷിക ബജറ്റിൽ തുക വകയിരുത്തി ആവിഷ്കരിച്ച ജനക്ഷേമ പദ്ധതികൾ ഫണ്ടില്ലാത്തതിനാൽ പാതിവഴിയിലായി. രണ്ടാംഘട്ട പ്ലാൻ ഫണ്ട് വൈകുന്നതും യുഡിഎഫ് സർക്കാർ ബജറ്റിൽ വിഹിതം വെട്ടിക്കുറച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. തനത് വരുമാനമില്ലാത്ത പഞ്ചായത്തുകളെ ഇത് രൂക്ഷമായി ബാധിച്ചു. പരിമിത വരുമാനം ഉപയോഗിച്ചാണ് പല പഞ്ചായത്തുകളും താൽക്കാലിക ജീവനക്കാർക്കുള്ള ശന്പളവും അലവൻസും ഉൾപ്പെടെ നൽകുന്നത്. ഫണ്ട് കുടിശ്ശിക നീണ്ടതോടെ ഇത് തുടരാൻ കഴിയാത്ത സ്ഥിതിയാണ്. അടിസ്ഥാന വികസനം, റോഡ് നിർമാണം, അറ്റകുറ്റപ്പണി, പട്ടികജാതി–വർഗ വിഭാഗങ്ങളുടെ വികസന പദ്ധതികൾ, അങ്കണവാടി പ്രവർത്തനം, ബഡ്സ് സ്കൂളുകൾ, പ്രാദേശികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം, സാന്ത്വന പരിചരണ പദ്ധതികൾ തുടങ്ങിയവയെയൊക്കെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവനപദ്ധതിയുടെ വിഹിതം പഞ്ചായത്തുകൾ വഹിക്കുന്നുണ്ടെങ്കിലും വിഹിതം വകയിരുത്തുന്നത് പ്ലാൻ ഫണ്ടിൽനിന്നായതിനാൽ പദ്ധതിയും പ്രതിസന്ധിയിലായി. ക്ഷേമം താളം തെറ്റും തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ട് മൂന്നിലൊന്നായി കുറച്ചത് നഗരസഭയിലെ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രതിസന്ധിയിലാക്കി. ഇതിന് പകരമായി വർധിപ്പിച്ച സിഎഫ്സി ഫണ്ട് അനിശ്ചിതത്വത്തിലായതോടെ പ്രവർത്തനങ്ങൾ താളംതെറ്റി. വി സതീദേവി, ചെയർപേഴ്സൺ, ആന്തൂർ നഗരസഭ പദ്ധതികൾ ഒഴിവാക്കേണ്ടിവരും നാടിന്റെ വികസന കാഴ്ചപ്പാടുകൾക്കുമേൽ ഇടിത്തീയായി. 80 ലക്ഷത്തോളം രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. പല പദ്ധതികളും ഒഴിവാക്കേണ്ടി വരും. ഗ്രാമസഭയും സെമിനാറും ഉൾപ്പടെ നടത്തി പ്രഖ്യാപിച്ച പദ്ധതികൾ മണ്ണിട്ട് മൂടേണ്ട സ്ഥിതിയാണ്. രണ്ടാം ഗഡുവിന്റെ അവസ്ഥയും എന്താകുമെന്ന് ഉറപ്പില്ല. കെ പ്രദീപ്കുമാർ, പ്രസിഡന്റ്, പാപ്പിനിശേരി പഞ്ചായത്ത് ആസൂത്രണം തകിടം മറിയും പ്ലാൻ ഫണ്ട് മുടക്കമില്ലാതെ സമയക്രമം പാലിച്ച് തന്നെ കിട്ടിയില്ലെങ്കിൽ തദ്ദേശ വികസന ആസൂത്രണം തകിടം മറിയും. വികസന പദ്ധതികൾ മുടങ്ങും. ജനരോഷം സ്ഥാപനങ്ങൾക്കെതിരെയാവും. പായംപോലുള്ള പഞ്ചായത്തുകൾ വിഭവ ലഭ്യതയിൽ ഏറെ പിന്നിലാണ്. വികസന ആവശ്യങ്ങൾ ധാരാളവും. പ്ലാൻ ഫണ്ട് ലഭ്യതയിൽ തടസംവന്നാൽ വലിയ പ്രതിസന്ധിയാകും. എം വിനോദ്കുമാർ, പ്രസിഡന്റ്, പായം പഞ്ചായത്ത് ജനരോഷമുയരും പ്ലാൻ ഫണ്ട് വിഹിതത്തിൽ വലിയ കുറവാണിത്തവണ സംസ്ഥാന സർക്കാർ വരുത്തിയത്. മുൻവർഷത്തെതിൽനിന്ന് മൂന്നിൽ രണ്ട് ഭാഗമാണ് ഫലത്തിൽ വെട്ടിക്കുറച്ചത്. വികസന, ക്ഷേമ പ്രവർത്തനങ്ങൾ ഇല്ലാതാവുകയോ ഭാഗികമാവുകയോചെയ്യുന്ന അവസ്ഥ വന്നാൽ ജനങ്ങളിൽ അതിരൂക്ഷ പ്രതിഷേധമുണ്ടാകും വി വിനോദ്കുമാർ, ചെയർപേഴ്സൺ, ഇരിട്ടി നഗരസഭ പ്രവർത്തനം തകിടംമറിച്ചു സാധാരണ ജനങ്ങളുടെ ആശ്വാസമായ കുടുംബാരോഗ്യ കേന്ദ്രത്തിൽ അവശ്യമരുന്നുകൾപോലും കിട്ടാത്തത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പ്ലാനിങ് ഫണ്ട് വെട്ടിക്കുറച്ചതും ലഭ്യതയുടെ കാലതാമസവും വികസന പ്രവർത്തനങ്ങളെ തകിടംമറിച്ചു കനകം കുനിയിൽ, പ്രസിഡന്റ്, മൊകേരി പഞ്ചായത്ത്








0 comments