പട്ടാമ്പിയിലെ 3 പദ്ധതികൾക്ക് നാളെ തുടക്കം

പട്ടാമ്പി
പട്ടാമ്പിയിലെ ഇ എം എസ് പാർക്ക്, അമൃത് –2 പദ്ധതി നിർമാണം, കാലടിക്കുന്ന് റെഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ് നിർമാണം എന്നിവ തിങ്കളാഴ്‌ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും. തിരുവേഗപ്പുറയിൽ പകൽ മൂന്നിനും പട്ടാമ്പിയിലെ ഉദ്ഘാടനങ്ങൾ വൈകിട്ട് നാലിന് പാർക്കിലുമാണെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരതപ്പുഴയോരത്ത് കിഴായൂർ–നമ്പ്രം റോഡിൽ പാർക്കിന്റെ ഒന്നാംഘട്ടമാണ് പൂർത്തിയായത്. എംഎൽഎ ഫണ്ടിൽനിന്ന് ആദ്യഘട്ടം 90 ലക്ഷവും രണ്ടാംഘട്ടം 50 ലക്ഷവും ചെലവിട്ടാണ് പാർക്കിന്റെ നിർമാണം. നഗരസഭയിൽ സമഗ്ര കുടിവെള്ള വിതരണം ലക്ഷ്യമിട്ടാണ് അമൃത് പദ്ധതി. തിരുവേഗപ്പുറ പഞ്ചായത്തിൽ 25.5 കോടി ചെലവിലാണ് റെഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ്. പട്ടാമ്പിയിൽനിന്ന് നാലുതവണ നിയമസഭയിലെത്തിയ ഇ എം എസിനുള്ള സ്മാരകംകൂടിയാണ് പാർക്ക്. പട്ടാമ്പിയുടെ എംഎൽഎ ആയിരുന്ന ഇ പി ഗോപാലന്റെ പേരിലും പദ്ധതികൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി പി ഷാജി, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ പി വിജയകുമാർ, എൻ രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments