പ്രിയദർശിനി പദ്ധതി ആരംഭിച്ച് 45 ദിവസത്തിൽ ഒരുപാട് ബസ്സുകൾ സർവീസ് നിർത്തിയെന്ന് ആരോപണം
ഓണം കഴിഞ്ഞാൽ നിരത്തിൽ സ്വകാര്യ ബസ്സില്ല

പാലക്കാട്
ഓണക്കാലത്തോടെ സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലക്കുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ. കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയദർശനി സ്വകാര്യ ബസ് വ്യവസായത്തിന്റെ മരണമണി അടിച്ചെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടിയാലോചനയില്ലാതെ ഏകപക്ഷീയമായാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ തന്നെ ഒരുപാട് ബസ്സുകൾ സർവീസ് നിർത്തി. യാത്രക്കാരിൽ സിംഹഭാഗവും സ്വകാര്യ ബസുകളെ ഉപേക്ഷിച്ചു. ജിഫോം പലരും നൽകാത്തത് ഇന്ന് അല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്ന് കരുതിയാണ്. എന്നാൽ, നാളിതുവരെ പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. എല്ലായിടത്തും പ്രശ്നമില്ല എന്നാണ് സർക്കാർ പറയുന്നത്. പെർമിറ്റ് ടാക്‌സ് കുറച്ചതുകൊണ്ട് കാര്യമില്ല. ഒരു ദിവസം 100–138 രൂപയാണ് ഇതുമൂലം കിട്ടുക. ആയിരങ്ങൾ നഷ്‌ടമുണ്ടാകുന്പോൾ ഇതുകൊണ്ട് കാര്യമല്ല. തൊഴിലാളികൾക്ക് ശമ്പളവും ബോണസും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രവർത്തന ചെലവിന് ആനുപാതികമായി ബസ് നിരക്കും വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കണം. ബസുകൾ കണ്ടം ചെയ്യാനുള്ള കാലപഴക്കം 25 വർഷമായി ഏകീകരിക്കണമെന്നും ഡീസൽ വാറ്റിൽ അന്പത് ശതമാനം സബ്‌സിഡി അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടം, സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ്, ജില്ലാ സെക്രട്ടറി കെ ഐ ബഷീർ, എം ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments