ലീഗ് കൗൺസിലറുടെ പ്രമേയത്തിൽ ബിജെപി സ്തുതി

ചിറ്റൂർ
കൗൺസിലിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കുവേണ്ടി പ്രമേയം അവതരിപ്പിച്ച മുസ്ലിംലീഗ് പ്രതിനിധി യുഡിഎഫിനെ വെട്ടിലാക്കി. യുഡിഎഫ് ഭരിക്കുന്ന ചിറ്റൂർ – -തത്തമംഗലം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ലീഗ് കൗൺസിലർ മുഹമ്മദ് ആഷിഖ് ബിജെപിയെ അനുകൂലിച്ച് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം -തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന "ലൈഫ്' ഭവന പദ്ധതി പൂർണമായും കേന്ദ്ര സർക്കാരിന്റേതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ‘ലൈഫ്' എന്ന പേര് ബോധപൂർവം ഒഴിവാക്കി, പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നായിരുന്നു പ്രമേയം. ബിജെപിയെ പ്രീതിപ്പെടുത്താനുള്ള നീക്കം യുഡിഎഫ് അംഗങ്ങളെപ്പോലും അമ്പരപ്പിച്ചു. വിഷയം വിവാദമായതോടെ ഇദ്ദേഹം നിലപാട് തിരുത്തി. ശ്മശാന നിരക്ക് വർധന എതിർത്ത് എൽഡിഎഫ് ചിറ്റൂർ പുഴപ്പാലത്തുള്ള വാതകശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള നിരക്ക് വർധിപ്പിക്കാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നീക്കം എൽഡിഎഫ് എതിർത്തു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയാണ് നിരക്ക് കുറച്ചത്. എന്നാൽ ജനങ്ങൾക്ക് എല്ലാം സൗജന്യമായി നൽകാനാകില്ലെന്ന നിലപാടാണ് യുഡിഎഫിന്റെതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിയിലും ഭിന്നത നഗരസഭയ്ക്ക് കീഴിലുള്ള താലൂക്ക് ആശുപത്രിക്കെതിരെ യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായി. ആശുപത്രിയിൽ ഡോക്ടർമാരില്ലെങ്കിലും തെരുവുനായ്ക്കൾ ധാരാളമുണ്ടെന്നായിരുന്നു യുഡിഎഫ് കൗൺസിലറുടെ പരിഹാസം. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഇവിടെ പോസ്റ്റ്‌മോർട്ടം നടത്താത്തത് നഗരസഭയുടെ വീഴ്ചയാണെന്നും വിമർശനമുയർന്നു. വെള്ളപ്പന ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടും യുഡിഎഫിൽ ആശയക്കുഴപ്പം പ്രകടമായി. ഫ്ലാറ്റ് നിർമാണത്തിൽ അപാകമുണ്ടെന്നും അത് വാസയോഗ്യമല്ലെന്നും യുഡിഎഫ് കൗൺസിലർ കെ എ ഷീബ ചൂണ്ടിക്കാട്ടി. എന്നാൽ മാസങ്ങൾക്കകം നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് നൽകുമെന്നാണ് ലീഗ് കൗൺസിലർ മറുപടി നൽകിയത്. കെട്ടിട നിർമാണത്തിൽ അപാകമുണ്ടെങ്കിൽ അത് പരിശോധിച്ച് കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൺ ബി കൃഷ്ണലീല അധ്യക്ഷയായി. ജെയിൻ ഹില്ലാരിയോസ്, എം സ്വാമിനാഥൻ, അനൂജ് ഖാൻ, സുനിത മുഹമ്മദ് സലിം, വിവേക്, ആർ ബാബു, ജി സാദിഖലി തുടങ്ങിയവർ സംസാരിച്ചു.










0 comments