ലാവണ്യം വഴിഞ്ഞൊഴുകി ഏഷ്യയിലെ രണ്ടാമത്തെ വലിയ മൺഅണയായ പോത്തുണ്ടി
സഞ്ചാരികളുടെ ചങ്ങാതി

പോത്തുണ്ടി ഉദ്യാനകേന്ദ്രം
എ തുളസീദാസ്
Published on May 16, 2026, 01:38 AM | 1 min read
‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെ’ന്ന പഴഞ്ചൊല്ല് പോലെയാണ് പോത്തുണ്ടി അണക്കെട്ടിന്റെ കാര്യം. ഏഷ്യയിലെ രണ്ടാമത്തെ വലിയ മൺഅണകൂടിയായ ഇതിന് പക്ഷേ അതിന്റെ അഹങ്കാരമൊന്നുമില്ല. ഇന്നും സൗന്ദര്യത്താൽ മുങ്ങി വിനോദസഞ്ചാരികളെ മാടിവിളിച്ച് അതേ നിൽപ്പ്. മാത്രമല്ല ആയിരങ്ങൾക്ക് കുടിവെള്ളവും നൽകുന്നു. തൊട്ടടുത്ത് ഉണ്ടായിട്ടും അകന്നു നിൽക്കുന്ന ആളെപ്പോലെയല്ല; തോളിൽ കൈയിട്ട് നിൽക്കുന്ന ചങ്ങാതിയാണ് സഞ്ചാരപ്രേമികൾക്ക് ഇൗ അണക്കെട്ടും പരിസര ഉദ്യാനവും. പ്രകൃതിയും പരമ്പരാഗത സാങ്കേതികതയും കൈകോർത്ത വിസ്മയമായ ഇൗ അണക്കെട്ട് നെല്ലിയാമ്പതി മലനിരകളിൽനിന്ന് ഉത്‌ഭവിക്കുന്ന മീങ്കാരപ്പുഴയ്ക്കും ചള്ളിയാർ പുഴയ്ക്കും കുറുകെയാണ്. മലനിരകളിൽനിന്ന് കുലുങ്ങിക്കുലുങ്ങി വെളളിക്കൊലുസിന്റെ നാദം മുഴക്കി പാഞ്ഞെത്തുന്ന മീങ്കാര, ചള്ളിയാർ പുഴകൾ ഇവിടെ കൈകോർത്ത് നവവധുവിനെപ്പോലെ ഒുരുങ്ങി നിൽക്കുന്നു. അണക്കെട്ടിന്റെ വിരിമാറിൽ ഇളംകൈകളാൽ ഓളംതല്ലി അവർ ലാവണ്യവതികളാകുന്നു. അണക്കെട്ട് 1958ൽ നിർമാണം തുടങ്ങി പത്തുവർഷത്തിനകം കമീഷൻ ചെയ്തു. 1,680 മീറ്റർ നീളമുണ്ട്. സിമന്റ് സാർവത്രികമാകുന്നതിനു മുമ്പ് നിർമിച്ചതായതിനാൽ പരമ്പരാഗത നിർമാണ ശൈലിയിലാണ് അണകെട്ടിയത്. കുമ്മായവും ശർക്കരയും അരിച്ചെടുത്ത് കല്ല് മാറ്റിയ ചുവന്ന മണ്ണും ചേർത്ത് ഇടിച്ച മിശ്രിതമാണ് നിർമാണത്തിന് ഉപയോഗിച്ചത്.ആധുനിക കാലത്തെ എൻജിനിയറിങ് വൈദഗ്‌ധ്യം ഇതിന് മുന്നിൽ തലകുനിക്കും. എത് മലവെള്ളപ്പാച്ചിലിലും എത് ഭൂമികുലുക്കവും പോത്തുണ്ടി ഡാമിനെ വിറപ്പിക്കില്ല. ആറ് പതിറ്റാണ്ട്പിന്നിട്ടിട്ടും ചോർച്ചയുമില്ല; അറ്റകുറ്റപണിയും വേണ്ട. അത്രയ്‌ക്കുണ്ട് അതിന്റെ ഉള്ളുറപ്പ്. 5,465 ഹെക്ടർ കൃഷിഭൂമിക്ക് കനാൽ വഴി വെള്ളം എത്തിക്കുന്നുമുണ്ട്. നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രധാന പഞ്ചായത്തുകളിൽ കുടിവെള്ളവും എത്തിക്കുന്നു. ശിരുവാണി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ഗുണനിലവാരമുള്ള ജലമാണ് ഇവിടെ ലഭിക്കുന്നത്. പ്രകൃതിഭംഗി കനിഞ്ഞ പോത്തുണ്ടിയും പരിസര പ്രദേശവും വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. നെല്ലിയാമ്പതിലേക്കും തിരിച്ചും വരുന്ന വിനോദ സഞ്ചാരികളുടെ ഇടത്താവളമാണിത്. അണക്കെട്ട് പരിസരത്തും ഉദ്യാനത്തിലും വിശ്രമിച്ച് നെല്ലിമലയുടെ വന്യസൗന്ദര്യം ആവോളം ആസ്വദിച്ച് യാത്ര തുടരുന്ന വിനോദസഞ്ചാരികൾ ജീവിതത്തിൽ മറക്കില്ല കാലം വിരുന്നൊരുക്കിയ ഇൗ കാഴ്‌ചകൾ.










0 comments