ട്രെയിനിൽനിന്ന് ഫോൺ മോഷണം; യുവാവ് പിടിയിൽ

ഷൊർണൂർ
ട്രെയിൻ യാത്രക്കാരിയുടെ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കണ്ണൂർ ശ്രീകണ്‌ഠപുരം മുല്ലാളി പുതിയപുരയിൽ അൻവർ സാദത്ത് (25) ആണ് ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. നാലിന് വർക്കലയിൽനിന്നും അങ്ങാടിപ്പുറത്തേക്ക് രാജാറാണി എക്സ്പ്രസിലെ സ്ലീപ്പറിൽ യാത്ര ചെയ്ത മലപ്പുറം കാളിക്കാകാവ് സ്വദേശിനി രാജിമോളുടെ 27,000 രൂപ വിലവരുന്ന ഫോണാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണിൽ പ്രതിയായ അൻവർ സാദത്ത് തന്റെ സ്വന്തം സിം കാർഡിട്ട് ഉപയോഗിച്ചിരുന്നു. ഈ സൈബർ തെളിവാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. 2022ൽ ശ്രീകണ്‌ഠപുരത്ത് എംഡിഎംഎ പിടികൂടിയ കേസിൽ ഒന്നര വർഷമായി എൽപി വാറണ്ടുണ്ട്. ഇതേ വർഷം പയ്യാവൂരിൽ കഞ്ചാവ് പിടികൂടിയ കേസുമുണ്ട്. 2019ൽ ഒരു ബൈക്ക് മോഷണക്കേസും ഒരു മൊബൈൽ ഫോൺ മോഷണക്കേസും ഇയാളുടെ പേരിലുണ്ട്. ഷൊർണൂർ റെയിൽവേ പൊലീസും ആർപിഎഫ്സിഐ ബി ടീമും ചേർന്നാണ് പ്രതിയെ പിടിച്ചത്. ഷൊർണൂർ റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യു, സിപിഒമാരായ സജിത്, ടി എം നിഷാദ്, ആർപിഎഫ്സിഐബി എസ്ഐഎ പി ദീപക്, എഎസ്ഐ ഷിജു, വിജേഷ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










0 comments