വെളിച്ചം മങ്ങി പെട്രോമാക്‌സുകൾ

Petromax

എ അബ്ദുൾ സത്താർ പെട്രോമാക്സുകളുമായി

avatar
എ തുളസീദാസ്‌

Published on Jan 03, 2025, 12:30 AM | 1 min read

കൊല്ലങ്കോട്

അരനൂറ്റാണ്ടിലേറെയായി കല്യാണ വീടുകളിലും ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും വെളിച്ചം പകരുന്നത്‌ എ അബ്ദുൾ സത്താറിന്റെ പെട്രോമാക്സുകളാണ്‌. ബഹുവർണ വൈദ്യുതി ദീപാലങ്കാരങ്ങളുടെ മാസ്മരിക പ്രഭയിൽ മുങ്ങുന്ന ആധുനിക കാലഘട്ടത്തിലെ ആഘോഷങ്ങളിൽനിന്ന്‌ പിന്തള്ളപ്പെടുന്ന പെട്രോമാക്സുകളായിരുന്നു പഴയകാലത്തെ കൂടിച്ചേരലുകൾക്ക്‌ വെളിച്ചമായിരുന്നത്. വടവന്നൂർ കുളക്കുഴി എഎസ്ആർ മൻസിലിൽ അബ്ദുൾ സത്താർ (72) ചെറുപ്പത്തിൽ വടവന്നൂരിൽ സൈക്കിൾ റിപ്പയറിങ് ഷോപ് തുടങ്ങി. നെന്മാറയിലെ കടയിൽ അഗ്നിബാധയിൽ കത്തിക്കരിഞ്ഞ പെട്രോമാക്സ് മാലിന്യക്കൂനയിൽനിന്നെടുത്ത്‌ സൈക്കിൾ കടയിലെത്തിച്ച്‌ നന്നാക്കി സ്വന്തം കടയിൽ തൂക്കിയിട്ടു. സമീപത്തെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ പൊറാട്ടുനാടകവേദിയിലേക്ക് പെട്രോമാക്സ് വേണമെന്ന ആവശ്യവുമായി സംഘാടകരെത്തി. സൗണ്ട്, ലൈറ്റ് എന്നിവ വാടകയ്‌ക്ക് നൽകിയിരുന്ന അബ്ദുൾ സത്താർ ആദ്യമായി പെട്രോമാക്സും വാടകയ്‌ക്ക് നൽകി. ഉത്സവത്തിനുശേഷം വിവിധ ക്ഷേത്രങ്ങളിൽനിന്ന്‌ പെട്രോമാക്സിന് ഓർഡർ എത്തി. അബ്ദുൾ സത്താർ രണ്ടു പെട്രോമാക്സ് കൂടുതലായി വാങ്ങി. വടവന്നൂരിലും കൊല്ലങ്കോട്ടിലും ആവശ്യക്കാർ വർധിച്ചപ്പോൾ കൂടുതൽ പെട്രോമാക്സുകൾ വാങ്ങിച്ചു. ക്രമേണ സൈക്കിൾ റിപ്പയറിങ് കുറഞ്ഞ്‌ പെട്രോൾമാക്സുകൾ മാത്രമായി. ചിറ്റൂർ താലൂക്കിൽ പ്രസിദ്ധമായ കൊങ്ങൻപട, നെന്മാറ വേല, കൊല്ലങ്കോട് ആറാട്ട്, തത്തമംഗലം അങ്ങാടിവേല, ദേശവിളക്കുകൾ, വടവന്നൂർ കുമ്മാട്ടി തുടങ്ങിയ വലിയ ഉത്സവങ്ങളിലും ചെറിയ ഉത്സവങ്ങളിലും പൊങ്കലുകൾക്കും അബ്ദുൾത്താർ പെട്രോമാക്സ് എത്തിക്കുന്നുണ്ട്‌. ദിവസവാടക 10 മുതൽ 13 രൂപയായിരുന്നു തുടക്കത്തിൽ. ഇന്ന് ആയിരത്തിലധികമായി. വർഷത്തിൽ മൂന്നുമാസം മാത്രമാണ് ക്ഷേത്ര ഉത്സവങ്ങൾക്ക് ആവശ്യം വരിക. തെരുവുവിളക്കുകളും ഉത്സവ അലങ്കാര വിളക്കുകളും വർധിച്ചതിനാൽ തൂക്കിയെടുക്കുന്ന വിളക്കിന്‌ ഡിമാൻഡ്‌ കുറഞ്ഞു. എന്നാലും ആന എഴുന്നള്ളത്തിന്‌ പെട്രോമാക്‌സും കൈയിൽ തൂക്കുന്ന വിളക്കുകളും ഉപയോഗിക്കുന്നുണ്ട്‌. ഇന്ധനം മണ്ണെണ്ണയിൽനിന്ന്‌ എൽപിജിയിലേക്ക്‌ മാറിയിട്ടുണ്ട്‌. ഒരുകാലഘട്ടത്തിന്റെ ഓർമകളാണ്‌ പെട്രോമാക്‌സിനൊപ്പം തെളിയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home