രണ്ട് പേരുടെ നില ഗുരുതരം
ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞു; 4 പേർക്ക് പരിക്ക്

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
സ്വന്തം ലേഖകൻ
Published on Jan 13, 2025, 11:44 PM | 1 min read
ഒറ്റപ്പാലം
നിർമാണത്തിലിരുന്ന വീട്ടിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുനേരെ യുവാവ് പെട്രോൾ ബോംബ് എറിഞ്ഞു. ആക്രമണത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. അമ്പലപ്പാറ ചുനങ്ങാട് വാണീവിലാസിനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്ത് താമസിക്കുന്ന നീരജ് (31) ആണ് ആറുതൊഴിലാളികൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശി വിഷ്ണു(27), ബാലുശേരി സ്വദേശി പ്രിയേഷ്(32) എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും 40 മുതൽ 50 ശതമാനംവരെ പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി കന്നൂർ സ്വദേശികളായ ജിതിൻ (27), ബാലൻ (51) എന്നിവർക്ക് നിസാര പരിക്കേറ്റു. മറ്റ് രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കൾ പുലർച്ചെ 2.17ന് വാണീവിലാസിനി അങ്കണവാടി റോഡ് അവസാനിക്കുന്നിടത്തെ വീട്ടിലാണ് സംഭവം. പ്രകോപനത്തിന് കാരണം പൊലീസിന് വ്യക്തമായിട്ടില്ല. സംഭവശേഷം ഒളിവിൽപ്പോയ യുവാവിനെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിർമാണത്തിലിരിക്കുന്ന വീടിന്റെ കുളത്തിന്റെ പടവുകൾ നിർമിക്കാനെത്തിയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ പൂമുഖത്ത് കിടന്നുറങ്ങുകയായിരുന്നു തൊഴിലാളികൾ. പൂമുഖത്തെ ചുമരിലേക്കെറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നിലത്ത് തീപടരുകയായിരുന്നു. നാട്ടുകാരും പൊലീസുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്‌ധർ പരിശോധന നടത്തി. കുപ്പിയും തിരിയും ഇന്ധനവുമുൾപ്പെട്ട സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടവും പൊലീസിന് ലഭിച്ചു. ഷൊർണൂർ ഡിവൈഎസ് പി ആർ മനോജ്‌കുമാർ, ഒറ്റപ്പാലം ഇൻസ്‌പെക്ടർ എ അജീഷ്, എസ്ഐ എം സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.










0 comments