ad
Deshabhimani

മയിലുകൾ പെരുകി, 
പാമ്പുകൾ കുറയുന്നു

കഞ്ചിക്കോട് ചുള്ളിമടയിൽ വീടിന് സമീപത്തെ പറമ്പിലെത്തിയ മയിൽ

കഞ്ചിക്കോട് ചുള്ളിമടയിൽ വീടിന് സമീപത്തെ പറമ്പിലെത്തിയ മയിൽ

avatar
വേണു കെ ആലത്തൂർ

Published on May 01, 2026, 01:17 AM | 1 min read

പാലക്കാട്‌

അതാ മയിൽ... ഇരുപത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ വരെ മയിലുകളെ കണ്ടാൽ അത്ഭുതത്തോടെ പറഞ്ഞതാണിത്‌. വനപ്രദേശങ്ങൾക്ക്‌ സമീപത്ത്‌ പോയാൽ മാത്രമേ മയിലുകളെ കാണാനാകൂ. ഇന്ന്‌ മിക്ക വീട്ടുമുറ്റത്തും മയിലുകൾ പീലിവിടർത്തുന്നത്‌ പതിവാണ്‌. മയിൽ പെരുകിയതോടെ നാട്ടിൻപുറങ്ങളിൽ പാമ്പ്‌ ശല്യം കുറഞ്ഞു. മയിലുകൾ സഞ്ചരിക്കുന്ന വഴികളിൽ പാമ്പുകളെ കാണാനാവില്ല. അതിനാൽ പാലക്കാട്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാമ്പുകളുടെ എണ്ണത്തിലും കുറവുവന്നു. വേനൽക്കാലത്ത്‌ 75 മില്ലി മീറ്റർ മഴയും വർഷത്തിൽ 1500 മില്ലിമീറ്ററും ലഭിക്കുന്ന, 28 ഡിഗ്രി സെന്റിഗ്രേഡിൽ ചൂട്‌ സ്ഥിരമായി നിലനിൽക്കുന്ന പ്രദേശങ്ങളിലേ മയിലുകൾ തങ്ങാറുള്ളൂ. കേരളത്തിൽ ഇങ്ങനെ 19 ശതമാനം പ്രദേശങ്ങളുണ്ട്‌. കാസർകോട്‌, പാലക്കാട്‌, തൃശൂർ, മലപ്പുറം ജില്ലകളിലാണ്‌ ഇത്തരം കാലാവസ്ഥയുള്ള പ്രദേശങ്ങൾ. അതിനാൽ മയിലുകൾ കൂടുതലായി ഇവിടങ്ങളിലുണ്ടാകുന്നു. 2050 ഓടെ കേരളത്തിലെ 55 ശതമാനം പ്രദേശങ്ങൾ മയിലുകളുടെ ആവാസ വ്യവസ്ഥയ്‌ക്ക്‌ യോജിച്ചവിധം മാറുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. നഗരവൽക്കരണവും കാടുകൾ അപ്രത്യക്ഷമാകുന്നതും കാലാവസ്ഥ വ്യതിയാനവും ഇതിന്‌ കാരണമാകുന്നു. മുൾച്ചെടികളും കുറ്റിക്കാടുകളുമുള്ള പ്രദേശങ്ങളാണ്‌ മയിലുകളുടെ ആവാസകേന്ദ്രം. പാമ്പുകടിയുടെ തലസ്ഥാനം എന്നാണ്‌ ഇന്ത്യയെ വിശേഷിപ്പിക്കുന്നത്‌. വർഷം 50,000 പേരാണ്‌ പാമ്പുകടിയേറ്റ്‌ ഇന്ത്യയിൽ മരിക്കുന്നത്‌. കേരളത്തിൽ 2017 മുതൽ 2019 വരെ 334 പേരാണ്‌ പാമ്പുകടിയേറ്റ്‌ മരിച്ചത്‌. വർഷം ശരാശരി 110 പേർ. എന്നാൽ 2020 ൽ അത്‌ 76 ആയി കുറഞ്ഞു. 2021, 2022 വർഷങ്ങളിൽ യഥാക്രമം 40 ഉം 42 ആയും കുറഞ്ഞു. വിഷചികിത്സ ഫലപ്രദമായതോടെ മരണത്തെ പ്രതിരോധിക്കാൻ കേരളത്തിന്‌ കഴിഞ്ഞു. 2020 ആഗസ്‌തിലാണ്‌ സംസ്ഥാന സർക്കാർ വനം വകുപ്പിന്‌ കീഴിൽ സർപ്പ ആപ്പ്‌ തുടങ്ങിയത്‌. പാമ്പുകളുടെ ശല്യം കണ്ടാൽ സർപ്പ ആപ്പിൽ (സ്‌നേക്ക്‌ അവയർനെസ്‌ റെസ്‌ക്യു ആൻഡ്‌ പ്രൊട്ടക്ഷൻ ആപ്‌) വിവരം അറിയിക്കാം. മൂന്നുവർഷത്തിനകം 20,062 പാമ്പുകളെ സർപ്പ വളന്റിയർമാർ പിടികൂടി കാട്ടിലേക്ക്‌ വിട്ടു. പാമ്പുശല്യം കുറയ്‌ക്കുന്നതിന്‌ സർക്കാർ നടപടിയും ഫലപ്രദമാകുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home