Deshabhimani

പ്രതിബദ്ധതയ്ക്കും സംഭാവനകൾക്കും നന്ദി’; മൂന്ന് ഐസിസി കിരീടങ്ങൾ: അജിത് അഗാർക്കറിനെ അഭിനന്ദിച്ച് ബിസിസിഐ

AJIT AGARKAR
വെബ് ഡെസ്ക്

Published on Oct 07, 2026, 10:12 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന അജിത് അഗാർക്കറിന് നന്ദി അറിയിച്ച് ബിസിസിഐ. മൂന്ന് വർഷത്തെ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റിനായി നൽകിയ സംഭാവനകളെ ബിസിസിഐ അഭിനന്ദിച്ചു.


“പ്രതിബദ്ധതയ്ക്കും ഉറച്ച നിലപാടിനും സംഭാവനകൾക്കും നന്ദി. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും,” ബിസിസിഐ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. അഗാർക്കറിന്റെ കാലയളവിൽ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങളാണ് നേടിയത്.


2024, 2026 ട്വന്റി 20 ലോകകപ്പുകളും 2025 ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയത് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരിക്കെയായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ എത്തി. രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങളും തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകളും ഈ കാലയളവിൽ ഇന്ത്യ നേടി.



വിരാട് കോഹ്‌ലി, രോഹിത് ശർമ തുടങ്ങിയ താരങ്ങളുടെ ട്വന്റി 20, ടെസ്റ്റ് വിരമിക്കലുകൾ ഉൾപ്പെട്ട തലമുറമാറ്റവും അഗാർക്കറിന്റെ കാലയളവിലായിരുന്നു. 2023 ജൂലൈയിലാണ് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞ മാസത്തോടെ അവസാനിച്ചു. പകരക്കാരനെ കണ്ടെത്തുന്നതിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയാണ് നിലവിൽ ആക്ടിങ് ചെയർമാൻ. ശിവ് സുന്ദർ ദാസ്, അജയ് രത്ര, ആർപി സിംഗ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. പുതിയ സെലക്ടർ പശ്ചിമ മേഖലയിൽ നിന്നായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.


അപേക്ഷകർ കുറഞ്ഞത് ഏഴ് ടെസ്റ്റുകളും 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 10 ഏകദിനങ്ങളും കളിച്ചിരിക്കണം. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കുറഞ്ഞത് അഞ്ച് വർഷം പൂർത്തിയായിരിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആണ്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home