പനിപ്പേടിയൊഴിയാതെ കേരളം; പകർച്ചവ്യാധിയിൽ 2 മരണം

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ചൊവ്വാഴ്‌ച രണ്ടു പേർ കൂടി മരിച്ചു. തിരുവനന്തപുരം കല്ലിയൂരിൽ 57 വയസുകാരി ഇൻഫ്ലുവൻസ ബാധിച്ചും ആലപ്പുഴ തൈക്കാട്ടുശേരിയിൽ 63 കാരി എലിപ്പനി ബാധിച്ചും മരിച്ചു. ആറു ദിവസത്തിൽ പകർച്ചപനിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.
സെപ്തംബർ 23ന് മലപ്പുറത്ത് മരിച്ച 22 കാരിയുടെ മരണം എച്ച്1എൻ1 മൂലമാണെന്നും സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 8,442 പേരാണ് പനി ബാധിച്ച് സംസ്ഥാനത്താകെ ചികിത്സതേടിയത്. 58 പേർക്ക് ഡെങ്കിപ്പനിയും 18 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.
സെപ്റ്റംബർ മാസത്തിൽ പണി ബാധിച്ച് ഒരു ലക്ഷത്തോളം പേരാണ് ചികിത്സ തേടിയത്. പല രോഗങ്ങളുടെയും മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യം വ്യാപനത്തിനും കാരണമാകുന്നുണ്ട്. മഴക്കാലപൂർവ ശുചീകരണവും കൊതുക് നശീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കിയെന്നാണ് ആക്ഷേപം.
കൊതുക് വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിലും പൊതുസ്ഥലങ്ങളിലെ ശുചീകരണം ഉറപ്പാക്കുന്നതിലും വീഴ്ച തുടരുകയാണ്. യുഡിഎഫ് സർക്കാർ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത കാട്ടുന്നില്ലെന്ന വിമർശം ജനങ്ങൾക്കിടയിൽ ശക്തമാണ്. മരുന്ന് ക്ഷാമവും രൂക്ഷമായതോടെ പകർച്ചവ്യാധികളിൽ നിന്ന് എങ്ങനെ രക്ഷനേടുമെന്നറിയാതെ വലയുകയാണ് ജനം.








0 comments