എംഡിഎംഎയുമായി ലീഗ് പ്രവർത്തകർ പിടിയിൽ; ഒന്നാം പ്രതി ലഹരി വിരുദ്ധ സമിതിയംഗം

തളിപറമ്പിൽ എംഡിഎംഎയുമായി പിടിയിലായ എസ് കെ പി മുഹമ്മദ് റിയാസ്, സി സി ഫൈസൽ
തൃക്കരിപ്പൂർ: തളിപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പിടിയിൽ. തൃക്കരിപ്പൂർ സൗത്ത് പൊറോപ്പാട് സ്വദേശി എസ് കെ പി മുഹമ്മദ് റിയാസ് (30), കണ്ണങ്കൈ സ്വദേശി സി സി ഫൈസൽ (34) എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുപേരും തൃക്കരിപ്പൂരിലെ സജീവ ലീഗ് പ്രവർത്തകരാണ്. ഒന്നാം പ്രതിയായ മുഹമ്മദ് റിയാസ് തൃക്കരിപ്പൂർ- കൈക്കോട്ട് കടവിലെ ലഹരി വിരുദ്ധ ജാഗ്രതാ സമിതിയംഗമാണ്.
കഴിഞ്ഞ ദിവസം തളിപ്പറമ്പ് കുപ്പത്തെ മരത്തക്കാട് ഐവർ പരദേവത ക്ഷേത്രത്തിന് മുൻവശത്തെ ദേശീയപാതയിലാണ് സബ് ഇൻസ്പെക്ടർ സി ജി സാംസണിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടയിൽ പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തിയത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കുപ്പം ഭാഗത്തേക്ക് വരികയായിരുന്ന പ്രതികളുടെ ഇന്നോവ കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ച 1.92 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
കോഴിക്കോട്ടുനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പ്രതികളുടെ കൈവശമുണ്ടായിരുന്ന സ്മാർട്ട് ഫോണുകളും ഡ്രൈവിങ് ലൈസൻസുകളും കസ്റ്റഡിയിലെടുത്തു.









0 comments