Deshabhimani

പെനാൽറ്റി അനുവദിച്ചതിന് റഫറിക്ക് മർദനം; സ്റ്റേഡിയത്തിൽ നിന്ന് ഓടിച്ച് പുറത്താക്കി: കെനിയൻ ഫുട്ബോളിൽ വിവാദം

refferi beaten

റഫറി ജോൺ സുൽവെയെയാണ് താരങ്ങളും കാണികളും ചേർന്ന് ആക്രമിച്ചത്

വെബ് ഡെസ്ക്

Published on Oct 07, 2026, 09:49 PM | 1 min read

നൈറോബി: മത്സരത്തിനിടെ പെനാൽറ്റി അനുവദിച്ചതിനെ തുടർന്ന് കെനിയയിൽ റഫറിക്ക് നേരെ ആക്രമണം. നൈറോബിയിൽ നടന്ന മത്സരത്തിനിടെ റഫറി ജോൺ സുൽവെയെയാണ് താരങ്ങളും കാണികളും ചേർന്ന് ആക്രമിക്കുകയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തത്.


ടോപ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് കാരിയോബാംഗി ഷാർക്സും മൊംബാസ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഷാർക്സ് 2-1ന് മുന്നിട്ടുനിൽക്കുന്നതിനിടെ മൊംബാസയ്ക്ക് അനുകൂലമായി സുൽവെ പെനാൽറ്റി അനുവദിച്ചു.


തുടർന്ന് ഷാർക്സ് താരങ്ങൾ റഫറിയെ വളഞ്ഞ് തള്ളുകയും കാണികൾ മൈതാനത്തേക്ക് ഇരച്ചുകയറുകയും ചെയ്തു. പ്ലാസ്റ്റിക് കസേര ഉൾപ്പെടെയുള്ള വസ്തുക്കൾ റഫറിക്ക് നേരെ എറിഞ്ഞു. ഒരു കാണി സുൽവെയെ മുഖത്ത് മർദിച്ചതായും റിപ്പോർട്ടുണ്ട്.



സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ റഫറിയെ സ്റ്റേഡിയത്തിന് പുറത്തേക്ക് മാറ്റി. തുടർന്ന് മത്സരം 68-ാം മിനിറ്റിൽ ഉപേക്ഷിച്ചു. സംഭവത്തെ ‘ലജ്ജാകരവും അപമാനകരവും’ എന്നാണ് കെനിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഫുട്ബോൾ കെനിയ ഫെഡറേഷനും ഇരു ക്ലബ്ബുകളും സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


ഇരു ടീമുകളും തമ്മിലുള്ള തരംതാഴ്ത്തൽ തർക്കം പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പ്ലേഓഫ് മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട കാരിയോബാംഗി ഷാർക്സ്, പുതിയ ലീഗ് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് തങ്ങളെ തരംതാഴ്ത്തിയതെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. തർക്കം പരിഹരിക്കാനാണ് ഫെഡറേഷൻ പ്ലേഓഫ് മത്സരങ്ങൾ സംഘടിപ്പിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home