പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള 17മുതൽ 23വരെ

പാലക്കാട്
ചിറ്റൂർ പാഞ്ചജന്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള 17മുതൽ 23വരെ ചിറ്റൂർ കൈരളി, -ശ്രീ തിയറ്ററുകളിൽ നടക്കും. സമകാലിക മലയാള സിനിമ, സമകാലിക ഇന്ത്യൻ സിനിമ, സമകാലിക ലോകസിനിമ, ഹോമേജ്, തീം, അമേരിക്കൻ നയന്റീസ് ഡോക്യുമെന്ററി, കാമ്പസ് ഫിലിം ഹ്രസ്വചിത്രങ്ങൾ എന്നിങ്ങനെ ഒമ്പത് വിഭാഗത്തിലായി 60 ഫീച്ചർ സിനിമ, 20 ഡോക്യുമെന്ററി, 20 ഹ്രസ്വചിത്രം എന്നിവ പ്രദർശിപ്പിക്കും. മിഠായി തെരുവിലെ സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പൊരുതിയ വിജി പെൺകൂട്ടും ലൈംഗിക തൊഴിലാളികളുടെ ദയനീയ ജീവിതം തുറന്നു കാണിച്ച നളിനി ജമീലയും ചേർന്ന് 17ന് വെെകിട്ട് 4.30ന് മേള ഉദ്ഘാടനം ചെയ്യും. കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് ജൂറി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലെെറ്റ് (പ്രഭയായ് നിനച്ചതെല്ലാം) ആണ് ഉദ്ഘാടന ചിത്രം. തൊഴിലിടങ്ങളിലെ സ്ത്രീകൾ എന്ന മേളയുടെ മുഖ്യ പ്രമേയം അടിസ്ഥാനമാക്കി അഞ്ച് സിനിമ, അഞ്ച് ഡോക്യുമെന്ററി, നാല് ഓപ്പൺ ഫോറം എന്നിവ സംഘടിപ്പിക്കും. സിനിമാ ഗാനശാഖയിലെ മാറുന്ന ഭാവുകത്വത്തെക്കുറിച്ച് ചർച്ച നടക്കും. വിദ്യാർഥികൾക്കായി പ്രത്യേക പ്രദർശനമൊരുക്കും. അമിത് ദത്തയുടെ സിനിമകൾ, തൊണ്ണൂറുകളിലെ അമേരിക്കൻ സിനിമകൾ എന്നിങ്ങനെ രണ്ടു പ്രത്യേക പാക്കേജുകളും ലോക ചലച്ചിത്രമേളകളിൽ പുരസ്കാരം നേടിയ പ്രധാന സിനിമകളും പ്രദർശിപ്പിക്കും. അന്തരിച്ച സക്കീർ ഹുസൈൻ, ശ്യാം ബെനഗൽ, എം ടി വാസുദേവൻ നായർ എന്നിവർക്ക് ആദരം അർപ്പിച്ചും സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഓർഗനെെസിങ് കമ്മിറ്റി കൺവീനർ സി രൂപേഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി എസ് ശ്രീവത്സൻ, കെ ആർ ഇന്ദു, പ്രശാന്ത് പാനിയോട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments