പനയംപാടം അപകടം നടന്നിട്ട് ഒരു മാസം
മറക്കില്ല മക്കളേ...

ഡിവൈഡറുകൾ സ്ഥാപിച്ച പനയംപാടം വളവ്
വി പ്രശോഭ്
Published on Jan 11, 2025, 11:52 PM | 2 min read
മണ്ണാർക്കാട്
പനയംപാടം വളവ് കണ്ടാൽ ആരുടെയും നെഞ്ച് ഒന്ന് പിടയ്ക്കും, വാഹനത്തിന്റെ വേഗം കുറയ്ക്കും. ലോറി അപകടത്തിൽ മരിച്ച നാല് വിദ്യാർഥിനികളുടെ മുഖം ആരുടെയും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. ഇനി ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് നാടൊന്നാകെ. അത്രയ്ക്ക് വലിയ നൊമ്പരമാണ് അപകടം സമ്മാനിച്ചത്. ഡിസംബർ 12ന് വൈകിട്ടാണ് ക്രിസ്മസ് പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന നാല് വിദ്യാർഥികളുടെ ദേഹത്തേക്ക് നിയന്ത്രണംവിട്ട സിമന്റ് ലോറി മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ കെ എം നിദ ഫാത്തിമ, പി എ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, എ എസ് ഐഷ എന്നിവരാണ് മരിച്ചത്. അപകടശേഷം അടിയന്തര നടപടി സ്വീകരിച്ചതൊഴികെ ദേശീയപാത അതോറിറ്റി പനയംപാടത്ത് മറ്റു നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ശക്തമാണ് പൊലീസ് സുരക്ഷ പനയംപാടം മേഖലയിൽ മൂന്നു ഭാഗങ്ങളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗം, ഓവർലോഡ് എന്നിവയാണ് പരിശോധിക്കുക. കരിമ്പ പള്ളിപ്പടിക്ക് സമീപമാണ് ഇന്റർ സെപ്റ്റർ സ്ഥാപിച്ചത്. ഇടക്കുറുശി പെട്രോൾ പമ്പുമുതൽ പള്ളിപ്പടിയിലെ ക്രിസ്ത്യൻ പള്ളി വരെയുള്ള ഭാഗങ്ങളിലെ വാഹനങ്ങളുടെ വേഗം ഇതിലൂടെ അളക്കുന്നു. ചില സമയങ്ങളിൽ ഇത് മറ്റു ഭാഗങ്ങളിലേക്കും മാറ്റാറുണ്ട്. അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി ബോധവൽക്കരണം നടത്തുന്നുണ്ട്. ഓരോ ദിവസവും ഇരുപതോളം പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. 24 മണിക്കൂറും പൊലീസ് സാന്നിധ്യവും ഉറപ്പാക്കി. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് അപകടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യന്ത്രം ഉപയോഗിച്ച് റോഡ് പരുക്കനാക്കിയിട്ടുണ്ട്. ഇതോടെ വാഹനങ്ങളുടെ വേഗം കുറഞ്ഞു. റോഡിൽ ചെറിയ റമ്പിള്‍ ട്രിപ്പുകൾ സ്ഥാപിച്ചു. അപകടം നടന്നതിന് അടുത്തദിവസം റോഡിൽ വാട്ടർ ഡിവൈഡറുകൾ സ്ഥാപിച്ചു. പ്രദേശത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റി സ്ഥാപിച്ചു. മേലേ പനയംപാടത്തും കരിമ്പ യുപി സ്കൂളിന് സമീപവും ഡിവൈഡറുകൾ സ്ഥാപിച്ചു.
അപകട സാധ്യത ഒഴിവാക്കണം
പ്രദേശത്ത് സ്ഥാപിച്ച വാട്ടർ ഡിവൈഡറുകൾ മാറ്റി കോൺക്രീറ്റിൽ തീർത്ത ഡിവൈഡുകൾ സ്ഥാപിക്കണം. ഈ ഭാഗത്തെ റോഡിന്റെ അലൈൻമെന്റ് മാറ്റുന്നതിന് നടപടി വേണം എന്നിവയാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരം പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ 1.3 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് കാമറകൾ സ്ഥാപിക്കണം, വെള്ളക്കെട്ട് ഒഴിവാക്കാൻ അഴുക്കുചാലുകൾ നിർമിക്കണം, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം, റോഡിന് ഇരുവശവും ഇരുമ്പ് കൈവരിയോടെ നടപ്പാത നിർമിക്കണം എന്നിവയും പ്രധാന ആവശ്യങ്ങളാണ്.










0 comments