പല്ലശനയിൽ ഭൂരിപക്ഷം 10,596 വോട്ട്
ഉയർന്നു വിജയക്കൊടി

പല്ലശന ഡിവിഷനിൽനിന്ന് വിജയിച്ച വി പൊന്നുക്കുട്ടന് നെന്മാറയിൽ നൽകിയ സ്വീകരണം
വേണു കെ ആലത്തൂർ
Published on Sep 30, 2026, 12:45 AM | 2 min read
പാലക്കാട്
തകർന്നുവെന്ന് കരുതി എഴുതിത്തള്ളിയ വലതുപക്ഷ മാധ്യമങ്ങൾക്കും ഇടതുവിരുദ്ധർക്കും അതിശക്തമായ സന്ദേശം നൽകി എൽഡിഎഫ് വിജയക്കൊടി പാറിച്ചു. യുഡിഎഫ് ഭരണത്തിൽ ജനം പൊറുതിമുട്ടിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായി തെരഞ്ഞെടുപ്പ് ഫലം മാറുകയാണ്. ഏഴിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ രണ്ട് സീറ്റ് യുഡിഎഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസിലെ സുമേഷ് അച്യുതൻ എംഎൽഎയായതിനെ തുടർന്ന് രാജിവച്ച ഒഴിവിൽ ചിറ്റൂർ –തത്തമംഗലം നഗരസഭയിലെ 24 –ാം വാർഡും ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷനുമാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക ഡിവിഷൻ എന്നിവിടങ്ങളിൽ ഭൂരിപക്ഷവും ഉയർത്തി. ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം മുവായിരത്തിലേറെ വർധിപ്പിച്ചു. പട്ടഞ്ചേരി പഞ്ചായത്തിലെ ഒന്പതാംവാർഡ് എൽഡിഎഫ് നിലനിർത്തി. കരിന്പ പഞ്ചായത്തിലെ 13 –ാം വാർഡ് നിലനിർത്തിയ യുഡിഎഫ് ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലെ 13–ാം വാർഡ് എൽഡിഎഫിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്‌തു. 2025ൽ നടന്ന തെരഞ്ഞെടുപ്പിൽ ഏഴിൽ നാല് എൽഡിഎഫും മൂന്ന് യുഡിഎഫുമായിരുന്നിടത്ത് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റ് നില എൽഡിഎഫ് അഞ്ചായി ഉയർത്തി. യുഡിഎഫിന് രണ്ടായി കുറഞ്ഞു. ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷനിൽ എൽഡിഎഫിലെ വി പൊന്നുക്കുട്ടൻ 10,596 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞതവണ ഭൂരിപക്ഷം 7,085 ആയിരുന്നു. ഭൂരിപക്ഷത്തിൽ 3,511 വോട്ടിന്റെ വർധന. യുഡിഎഫിൽനിന്ന് പിടിച്ചെടുത്ത ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി രേഖ സന്തോഷ് 790 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ 224 വോട്ടിന് യുഡിഎഫ് വിജയിച്ച വാർഡാണിത്. ചിറ്റൂർ– തത്തമംഗലം നഗരസഭയിലെ 24 –ാം വാർഡിൽ സുമേഷ് അച്യുതൻ 185 വോട്ടിനാണ് കഴിഞ്ഞതവണ വിജയിച്ചത്. ഇത്തവണ എൽഡിഎഫിലെ വി തുളസീധരനും യുഡിഎഫിലെ കെ മധുവും 433 വോട്ടുകൾ നേടി തുല്യ നിലയിലെത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് വിജയം ഉറപ്പിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് 501 വോട്ടും എൽഡിഎഫ് 316 വോട്ടും നേടിയിരുന്നു. കരിന്പയിൽ യുഡിഎഫിലെ അബ്ദുൾ ജലീൽ 335 വോട്ടിനും ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് 13 –ാം വാർഡ് രാഗം കോർണറിൽ യുഡിഎഫിലെ പി ഗിരീഷ് 48 വോട്ടിനും വിജയിച്ചു.









0 comments