ad
Deshabhimani

പാലക്കാട്‌ ഡിവിഷൻ വിഭജനം

മംഗലാപുരം മേഖലയിലെ 
പ്രവർത്തനം താളംതെറ്റും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 17, 2026, 01:05 AM | 1 min read

പാലക്കാട്‌

പാലക്കാട്‌ റെയിൽവേ ഡിവിഷനിൽനിന്ന്‌ മംഗലാപുരം മേഖല വെട്ടിമുറിച്ച് മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്നതോടെ ഭരണനിർവഹണം ദുഷ്കരമാകും. പാലക്കാട് ഡിവിഷന്റെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നടപടി വൻവരുമാനം നേടിക്കൊടുക്കുന്ന മംഗലാപുരം മേഖലയിലെ പ്രവർത്തനങ്ങളെയും താളംതെറ്റിക്കും. മൈസൂരു ഡിവിഷൻ ആസ്ഥാനവും മംഗലാപുരം മേഖലയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ അകലമാണ് പ്രധാന വെല്ലുവിളി. പശ്ചിമഘട്ട മലനിരകളാണ് മംഗലാപുരത്തെ മൈസൂരുവുമായി ബന്ധിപ്പിക്കുന്നത്. മലയോര പാതകളിൽ മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ മൂലം ഗതാഗതം തടസ്സപ്പെടുമ്പോൾ അടിയന്തര പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തുന്നതും പ്രതിസന്ധിയിലാകും. റെയിൽവേ സ്റ്റേഷനുകളുടെയും പാളങ്ങളുടെയും അടിസ്ഥാന സൗകര്യ പരിപാലനം, പാലങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, ഓവർഹെഡ് വൈദ്യുതി ലൈനുകൾ എന്നിവയുടെ അറ്റകുറ്റപ്പണി, സുരക്ഷാ പരിശോധന തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങളെയും ഡിവിഷൻ വിഭജനം ബാധിക്കും. ടിക്കറ്റ് കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, പ്ലാറ്റ്‌ഫോം സൗകര്യങ്ങൾ, ശുചിത്വം, കുടിവെള്ളം തുടങ്ങിയ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും വെല്ലുവിളിയുണ്ടാകും. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നപ്പോൾ മംഗലാപുരം പ്രധാന റെയിൽവേ ലൈൻ എന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്നു. മൈസൂരു ഡിവിഷനിൽ ലയിപ്പിക്കുന്നതോടെ മംഗലാപുരം മേഖലയ്ക്ക് ലഭിക്കുന്ന പ്രാധാന്യം കുറയുമെന്ന ആശങ്കയുമുണ്ട്‌. മംഗലാപുരത്തുനിന്ന് മൈസൂരുവിലേക്കുള്ള ഏക റെയിൽപാതയായതിനാൽ, അടിയന്തര സാഹചര്യങ്ങളിൽ ബദൽ ഗതാഗത സംവിധാനങ്ങളുടെ അഭാവവും പ്രതിസന്ധി രൂക്ഷമാക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home