ഇഎസ്എ വിജ്ഞാപനം
ദശാബ്ദം പിന്നിട്ട് ഇളവിനായുള്ള പോരാട്ടം


സ്വന്തം ലേഖകൻ
Published on Sep 17, 2026, 01:10 AM | 2 min read
നിലമ്പൂർ
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച കേന്ദ്ര നിർദേശത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളം നടത്തുന്ന ഇടപെടലുകൾ ഒരു ദശാബ്ദം പിന്നിടുന്നു. 2010ൽ കേന്ദ്ര സർക്കാർ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി സമിതി രൂപീകരിച്ചതോടെയാണ് ഇഎസ്‌എ ഭീഷണി സജീവമായത്.
25 താലൂക്കുകളെയാണ് സമിതി ഇഎസ്എയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി രൂപീകരിച്ചു. വില്ലേജ് അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിന്റെ 37 ശതമാനം (59,940 ച.കി.മീ) ഇഎസ്എയായി സമിതി കണക്കാക്കി. കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ച.കി.മീ ഇതിൽ ഉൾപ്പെട്ടു. തുടർന്ന് 2013ൽ ഡോ. ഉമ്മൻ വി ഉമ്മന്റെ നേതൃത്വത്തിൽ സംസ്ഥാനം സമിതി രൂപീകരിച്ചു. 123 വില്ലേജുകളിൽ കൃഷിഭൂമി (3,114.3 ച.കി.മീ) ഒഴിവാക്കി 9,993.7 ച.കി.മീ (9,107 ച.കി.മീ വനവും 886.7 ച.കി.മീ ജനവാസ മേഖലയും) ഇഎസ്എയായി ശുപാർശചെയ്തു. ഇത് അംഗീകരിച്ച് 2014 മാർച്ച് 10ന് കേന്ദ്രം ആദ്യ കരട് വിജ്ഞാപനം പുറത്തിറക്കി. എന്നാൽ കൃത്യമായ ഭൂപടങ്ങളും അതിർത്തി രേഖകളുമില്ലാതിരുന്നത് തുടർനടപടികൾക്ക് തടസ്സമായി. വില്ലേജുകൾ വിഭജിച്ചതോടെ 123ൽ നിന്ന് 131 ആയി. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ ജനവാസമേഖലകള്‍ ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിലാക്കി. 2017ൽ ജനവാസമേഖലയെ ഒഴിവാക്കി വനപ്രദേശംമാത്രം ഇഎസ്എയാക്കണമെന്ന് ആവശ്യപ്പെട്ടു. സാങ്കേതിക പരിശോധനയിൽ 92 വില്ലേജുകളിലായി 8,656.46 ച.കി. മീ ഇഎസ്എയെന്ന് കണ്ടെത്തി. ഇത് 2018 ജൂൺ 16ന് കേന്ദ്രത്തിന് സമർപ്പിച്ചു. 2021 ഒക്ടോബർ അഞ്ചിന് കേന്ദ്രം കോർ, നോൺ- കോർ ഇഎസ്എ എന്ന ആശയം മുന്നോട്ടുവച്ചെങ്കിലും കേരളം 8,656.46 ച.കി.മീ എന്ന നിലപാടിൽ ഉറച്ചുനിന്നു. ജനവാസ മേഖലകള്‍ ഒഴിവാക്കാന്‍ 2022 മെയ് 24ന് കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധനാ സമിതികൾ രൂപീകരിച്ചു. ജൂലൈ 11ന് കേന്ദ്ര സമിതിയുമായുള്ള ചർച്ചയിലും വനപ്രദേശങ്ങളിൽമാത്രം ഇഎസ്എ പരിമിതപ്പെടുത്തണമെന്ന ആവശ്യം ആവർത്തിച്ചു.
പഞ്ചായത്തുകളുടെ അഭിപ്രായംകൂടി പരിഗണിച്ച് പുതുക്കിയ നിർദേശം 2024 മെയ് 13ന് കേന്ദ്രത്തിന് സമർപ്പിച്ചു. 2024 നവംബറില്‍ കേരളം വീണ്ടും 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റർ ഇഎസ്എയായി നിര്‍ദേശിച്ചു. നിലവില്‍ കേന്ദ്ര വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി 9993.7 ച.കി.മീ ഉള്‍പ്പെട്ടിട്ടുണ്ട്.









0 comments