വൈദ്യുതി ക്ഷാമം രൂക്ഷമാകുന്പോഴും സർക്കാർ അനാസ്ഥ തുടരുന്നു
പാലക്കുഴിയിലെ വൈദ്യുതി വാങ്ങാൻ അടിയന്തര നടപടി വേണം

പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ഓഹരി ഉടമകളുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു സംസാരിക്കുന്നു
പാലക്കാട്
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കുഴി ജലവൈദ്യുത പദ്ധതിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ന്യായ വിലയ്ക്ക് വാങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ഓഹരി ഉടമകളുടെ യോഗം സംസ്ഥാന സർക്കാരിനോടും കെഎസ്ഇബിയോടും ആവശ്യപ്പെട്ടു. പരീക്ഷണയോട്ടം കഴിഞ്ഞ് മാസങ്ങളായെങ്കിലും രൂക്ഷമായ വൈദ്യുതിക്ഷാമം നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ കെഎസ്ഇബിയുടെ ഗ്രിഡ്ഡിലേക്ക് പാലക്കുഴിയിൽനിന്നും വൈദ്യുതി കണക്ഷൻ വൈകുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ജലവൈദ്യുത പദ്ധതിയുടെ എല്ലാ സാങ്കേതിക പരിശോധനയും പൂർത്തിയാക്കി കെഎസ്ഇബി കണക്ഷൻ പൂർണ സജ്ജമായി നൽകുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് അധികൃതർ. നീരൊഴുക്ക് ഉള്ളപ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാതെ അത് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തുകളും 34 ഗ്രാമപഞ്ചായത്തുകളും ഓഹരി ഉടമകൾ ആയിട്ടുള്ള സ്ഥാപനമാണ് പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്. മീൻവല്ലത്താണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിച്ചത്. മൂന്നു മെഗാ വാട്ട് വൈദ്യുതിയാണ് അവിടെ ഉൽപ്പാദിപ്പിക്കുന്നത്. അതിന്റെ ലാഭത്തിൽ നിന്നാണ് 15.90 കോടി രൂപ മുടക്കി പാലക്കുഴിയിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി പൂർത്തീകരിച്ചത്. മാത്രമല്ല ഇതിന്റെ ഉൽപ്പാദന പ്രവർത്തനം ആരംഭിച്ച ശേഷം മൂന്നാമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ 2.5 മെഗാ വാട്ട് ലോവർ വട്ടപ്പാറയുടെ നിർമാണം ആരംഭിക്കേണ്ടതുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ 28 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 2.34 കോടി രൂപ ലാഭമുണ്ടാക്കി. യേഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു അധ്യക്ഷനായി. കമ്പനി സെക്രട്ടറി അനഘ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി ആർ അജയൻ, എ രാമകൃഷ്ണൻ, രത്നകുമാരി സുരേഷ്, കാർത്തിക് രംഗൻ, എ കെ മൂസ, അഡ്വ. മനോജ് ജേക്കബ്, ചീഫ് എൻജിനിയർ പ്രസാദ് മാത്യു, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ എ അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments