ജില്ലാ ആശുപത്രി പരിസരത്ത് പരിശോധന
കുരുക്കഴിക്കാം സുഖയാത്രയ്‌ക്ക്

ജില്ലാ ആശുപത്രി പരിസരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന

സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:41 AM | 1 min read
പാലക്കാട്
ജില്ലാ ആശുപത്രി പരിസരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജില്ലാ പഞ്ചായത്തും നഗരസഭയും ആശുപത്രി അധികൃതരുംചേര്‍ന്ന് പരിശോധന നടത്തി. ആശുപത്രിയുടെ പ്രവേശന കവാടം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തേക്ക് ആക്കാൻ ആലോചനയുണ്ട്. ഇവിടെനിന്ന് സ്റ്റേഡിയം റോഡിലേക്ക് ബൈ പാസ് നിർമിക്കാനും പദ്ധതിയുണ്ട്. ഐഎംഎ ജങ്ഷൻ, സുൽത്താൻപേട്ട, സ്റ്റേഡിയം ബൈപാസ്, വിക്ടോറിയ കോളേജ്, കെഎസ്ആർടിസി, ടൗൺ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ ജില്ലാ ആശുപത്രിയിലേക്ക് എത്താം. ആശുപത്രിയുടെ ഇടതുവശത്തുകൂടി സ്റ്റേഡിയം ഭാഗത്തേക്കുള്ള റോഡും വനിതാ ശിശു ആശുപത്രിക്കുമുന്നിലെ റോഡും വീതികൂട്ടി നവീകരിക്കും. കുടിവെള്ള ടാങ്കും ജലസംഭരണികളും സാനിറ്റേഷൻ ചേംബറുകളും നിലനിർത്തിയായിരിക്കും നവീകരണം. റോഡിനോടുചേർന്ന് ആശുപത്രിയുടെ ഒന്നര മീറ്റർ ഭൂമികൂടി റോഡിനായി ഉപയോഗിക്കും. ഇതിന് ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും അനുമതി വേണം. പരിപാലന ചുമതല ജില്ലാ പഞ്ചായത്തിനായിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആശുപത്രിപരിസരത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി, വൈസ് പ്രസിഡന്റ് എൻ സരിത, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ എസ് ബി രാജു, എ കെ ഷീലാദേവി, നഗരസഭാ ചെയർമാൻ പി സ്മിതേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി, ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദു കെ തോമസ്, ആർഎംഒ വി സി ഗീത, നഗരസഭാ എൻജിനിയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ജി ജീന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ വി ആർ പ്രവിത, പ്രേംജിത്ത്, ജില്ലാ പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഷിജു ചന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മുഹ്‌സിൻ, ഓവർസിയർമാരായ അനീഷ്, ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.










0 comments