Deshabhimani

പാലക്കാട്‌ ഡിവിഷൻ വിഭജനം; ഡിവൈഎഫ്‌ഐ
നിവേദനം നൽകി

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്റെ നേതൃത്വത്തിൽ പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർക്ക്‌ 
നിവേദനം നൽകുന്നു

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്റെ നേതൃത്വത്തിൽ പാലക്കാട്‌ റെയിൽവേ ഡിവിഷണൽ മാനേജർക്ക്‌ 
നിവേദനം നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 08, 2026, 12:13 AM | 2 min read

പാലക്കാട്‌

പാലക്കാട്‌ ഡിവിഷൻ വിഭജിച്ച്‌ മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ റെയിൽവേ ഡിവിഷണൽ മാനേജർക്ക്‌ നിവേദനം നൽകി. വിഭജനം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രത, പ്രവർത്തനക്ഷമത, വികസന സാധ്യതകൾ എന്നിവയെയും കേരളത്തിന്റെയും മലബാർ മേഖലയുടെയും ദീർഘകാല താൽപ്പര്യങ്ങളെയും ബാധിക്കുമെന്ന്‌ നിവേദനത്തിൽ പറഞ്ഞു. ഡിവിഷൻ ലയനംമൂലം പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ്‌ റിപ്പോർട്ടുകൾ. ഇത്‌ പുതിയ ട്രെയിനുകൾ ഏർപ്പെടുത്തുന്നതിനും യാത്രാ സേവനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള ഡിവിഷന്റെ കഴിവിനെ ബാധിക്കും. 2007-ൽ സേലം ഡിവിഷൻ രൂപീകരിച്ചതിനുശേഷം ഏകദേശം 1,247.58 റൂട്ട് കിലോമീറ്റർ ഉണ്ടായിരുന്ന പാലക്കാട്‌ ഡിവിഷന്റെ അധികാരപരിധി ഘട്ടംഘട്ടമായി കുറഞ്ഞു. പുതിയ വിഭജനം പാലക്കാട്‌ ഡിവിഷനെ കൂടുതൽ ദുർബലമാക്കുമെന്നും നിവേദനത്തിൽ പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷഫീക്ക്, ജില്ലാ ട്രഷറർ എം എ ജിതിൻ രാജ്, ജോയിന്റ്‌ സെക്രട്ടറിമാരായ കെ ഷൈജു, എ എൻ നീരജ്, വൈസ്‌ പ്രസിഡന്റുമാരായ കെ ശ്രീരാജ്, എ മുഹമ്മദ് മുനീർ, ജില്ലാ കമ്മിറ്റി അംഗം കെ പി ഐശ്വര്യ എന്നിവർ പങ്കെടുത്തു.

കേരളത്തോടുള്ള അവഗണന: എം വിജിൻ

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം കേരളത്തോട് കേന്ദ്രം കാണിക്കുന്ന അങ്ങേയറ്റത്തെ അവഗണനയെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ പറഞ്ഞു. നേരത്തെ ഡിവിഷൻ വെട്ടിമുറിച്ച്‌ സേലം ഡിവിഷൻ ഉണ്ടാക്കി. അന്ന്‌ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറി അനുവദിച്ചു. അന്നത്തെ എൽഡിഎഫ്‌ 236 ഏക്കർ സ്ഥലം ഏറ്റെടുത്തുനൽകി. എന്നാൽ പദ്ധതി ഉപേക്ഷിച്ചതായി ഇ‍ൗയിടെ കേന്ദ്രം അറിയിച്ചു. ആ സ്ഥലം കാടുപിടിച്ചുകിടക്കുകയാണ്‌. മംഗളൂരു ഭാഗംകൂടി ഇല്ലാതായാൽ പാലക്കാട്‌ ഡിവിഷന്റെ വരുമാനത്തിന്റെ 60 ശതമാനത്തിലധികം ഇല്ലാതാകും. എന്നാൽ പാലക്കാട്‌ എംപിയുൾപ്പെടെ യുഡിഎഫ്‌ എംപിമാർ ആത്മാർഥമായ ഒരു ഇടപെടലും നടത്തിയില്ല. തിരുവോണ ദിവസം പാലക്കാട്‌ സമരം നടത്തി നാടകം കളിക്കുകയായിരുന്നു അവർ. ഡൽഹിയിലാണ്‌ എംപിമാർ സമരം നടത്തേണ്ടത്‌. വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്‌ കീഴടങ്ങിയിരിക്കുകയാണ്‌. ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട്‌ ഡിവൈഎഫ്‌ഐ ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home