മലനിരകളിലെ നീലവസന്തം; 12 വർഷത്തിൽ വിരിയുന്ന അത്ഭുതം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

ദേശാഭിമാനി ഫയൽചിത്രം
മൂന്നാർ : പന്ത്രണ്ടുവർഷത്തിലൊരിക്കൽ വിരിയുന്ന നീലവസന്തം കാണാൻ മലനിരകളിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ. ഇടുക്കി ചൊക്രമുടിയിലെ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്നതിന് പിന്നാലെ ദിനംപ്രതി ആയിരങ്ങളാണ് കാഴ്ചവസന്തം തേടി മലനിരകളിലെത്തുന്നത്. 2014ലാണ് അവസാനമായി ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. കോടമഞ്ഞും നനുത്ത മഴത്തുള്ളികളും തഴുകിയകലുന്ന ചൊക്രമുടി പാറക്കെട്ടുകളും നീലക്കുറിഞ്ഞി കാടുകളും കോടമഞ്ഞും ചേർന്ന് അതിമനോഹര കാൻവാസാണ് പ്രകൃതി ഒരുക്കുന്നത്.
ഫോട്ടോ: ദേശാഭിമാനി
വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിൽ 2018ലാണ് ഇത്തരത്തിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഹാപ്രളയം പൂക്കളെ നശിപ്പിച്ചു. പിന്നീട് ഇപ്പോഴാണ് വ്യാപകമായി മലനിറയെ കുറിഞ്ഞി വസന്തമെത്തിയത്. വിവിധ ജില്ലകളിൽനിന്നും കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസുകൾ മൂന്നാറിലേക്കെത്തുകയാണ്. മൂന്നാർ– മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടിക്കാടിലാണ് വ്യാഴവട്ടത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം.
ഫോട്ടോ: ദേശാഭിമാനി
ഒരു കുന്ന് മുഴുവൻ നീലപ്പട്ട് വിരിച്ച മനോഹര കാഴ്ച സന്ദർശകരുടെ മനം കവരുകയാണ്. പൂക്കൾ കാണാനും ചിത്രങ്ങളെടുക്കാനും സഞ്ചാരികളുടെ വലിയ തിരക്കാണ്. അവധി ദിവസങ്ങളിലാണ് തിരക്കേറെയും. സഞ്ചാരികളുടെ വരവ് മേഖലയിലെ ടൂറിസത്തിന് പുറമേ, ഹോട്ടൽ, വ്യാപാര മേഖലകൾക്കും ഉണർവേകിയിട്ടുണ്ട്. ആഗസ്ത് 24 മുതലാണ് ചൊക്രമുടി സഞ്ചാരികൾക്കായി തുറന്നത്.
ഫോട്ടോ: ദേശാഭിമാനി
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് പാതയിൽ ദേവികുളം റേഞ്ച് ഓഫീസിന് സമീപത്തുനിന്നുമാണ് ചൊക്രമുടിയിലേക്കുള്ള പ്രവേശനകവാടം. മുതിർന്നവർക്ക് 200 രൂപയും 18 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ് ഫീസ്. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശന സമയം. വനംവകുപ്പിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൂന്നാർ ഡിപ്പോയിൽനിന്ന് ദേവികുളത്തേയ്‌ക്ക് കെഎസ്ആർടിസി സർവീസുണ്ടാകും. പൂക്കളുടെ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുക്കാനും സൗകര്യമുണ്ട്.
ഫോട്ടോ: ദേശാഭിമാനി
മൂന്നാർ മേഖലയിലെ മറ്റൊരു പ്രധാന നീലക്കുറിഞ്ഞി കേന്ദ്രമായ മീശപ്പുലിമലയിൽ പൂക്കാലം ഇനിയും പൂർണമായിട്ടില്ല. നിലവിൽ ഒറ്റപ്പെട്ട നിലയിലാണ് നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. മൂന്നാറിന്റെ സമീപ പ്രദേശങ്ങളിൽ നിരവധി ഭാഗത്ത് കുന്നിൻ ചെരുവുകളിൽ കൂട്ടമായും ഒറ്റപ്പെട്ടും നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നുണ്ട്. കുറിഞ്ഞി പൂത്തതോടെ മൂന്നാറിലെ ടൂറിസം മേഖലയിൽ വലിയ ഉണർവാണുണ്ടായത്. ഇരവികുളത്ത് നീലവസന്തമെത്താൻ 2030 വരെ കാത്തിരിക്കണം.
ഫോട്ടോ: ദേശാഭിമാനി
12 വർഷത്തിലാരിക്കൽ പൂക്കുന്ന സ്ട്രോബിലൻതസ് കുന്തിയാന എന്ന് ശാസ്ത്രീയനാമമുള്ള നീലക്കുറിഞ്ഞിയാണ് മൂന്നറിൽ പൂക്കുന്നത്. പശ്ചിമഘട്ടങ്ങളുടെ ഉയർന്ന പ്രദേശങ്ങളായ പുൽമേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന പുഷ്പിത സസ്യമാണ് നീലക്കുറിഞ്ഞി. സാധാരണ ഒന്നോ രണ്ടോ മാസം പൂവ് വാടാതെ നിൽക്കും. സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽമാത്രം കാണപ്പെടുന്ന ഇവയ്‌ക്ക് ഏകദേശം 450 ഇനങ്ങളുണ്ട്. 40 ശതമാനവും ഇന്ത്യയിലാണ്. പശ്ചിമഘട്ടത്തിൽമാത്രം 64 തരം കുറിഞ്ഞികളുണ്ടെന്നാണ് പഠനങ്ങൾ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്. നീലഗിരിയിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞിയാണ് ഈ വർഗത്തിലെ റാണി എന്നറിയപ്പെടുന്നത്.
നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിര. ഫോട്ടോ: ദേശാഭിമാനി









0 comments