Deshabhimani

ഇഎംഐ വർധിക്കും; സാധാരണക്കാർക്ക് തിരിച്ചടിയായി റിപ്പോ നിരക്ക് വർധന

EMI Repo Rate
വെബ് ഡെസ്ക്

Published on Oct 07, 2026, 01:03 PM | 3 min read

ന്യൂഡൽഹി : വിലക്കയറ്റത്തിൽ നട്ടം തിരിയുന്നതിനിടെ സാധാരണക്കാർക്ക് ഇരട്ടി പ്രഹരമായി റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്. ഇതോടെ ഭവന, വാഹന, വ്യക്തി​ഗത, വാണിജ്യ വായ്പകളുടെ പലിശ നിരക്കും പ്രതിമാസ ഇഎംഐയും (തിരിച്ചടവ് തുക) ഉയരും.


സാധാരണക്കാർക്ക് ഇരട്ടി പ്രഹരം


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആ​ഗോളതലത്തിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിനടുത്തെത്തി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനാണ് റിപ്പോ നിരക്ക് ഉയർത്തിയതെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കുന്നത്. എന്നാൽ, ആർബിഐയുടെ പണനയത്തിന്റെ മുഴുവൻ ഭാരവും രാജ്യത്തെ സാധാരണക്കാരിലേക്കാണ് എത്തുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പക്ക് മേൽ ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് വർധിപ്പിച്ചാൽ വാണിജ്യ ബാങ്കുകൾ ആ ഭാരം വായ്പക്കാരിലേക്ക് അടിച്ചേൽപ്പിക്കും. അതായത് ഭവന, വാഹന, വ്യക്തി​ഗത, വാണിജ്യ വായ്പകളുടെ പലിശ നിരക്കുകൾ ബാങ്കുകൾ ഉയർത്തും.


ഭവനവായ്പയുടെ ഇഎംഐ കുത്തനെ കൂടും


ആ​ഗ്രഹിച്ചൊരു വീട് വെയ്ക്കാനോ, വാങ്ങാനോ ഓരുങ്ങുന്നവർക്കും നിലവിൽ ഭവന വായ്പയുള്ളവർക്കും റിപ്പോ നിരക്ക് വർധന വലിയ തിരിച്ചടിയായിരിക്കും. 20 വർഷത്തെ കാലയളവിൽ ഭവന വായ്പയായി 50 ലക്ഷം രൂപയെടുത്തവർക്ക് റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് 43,000 രൂപയായിരുന്നു ഇഎംഐ എങ്കിൽ റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം ഇത് 44,000 രൂപയ്ക്ക് മുകളിലായിരിക്കും. നേരത്തെ 50 ലക്ഷത്തിന് മേൽ 20 വർഷത്തിനുള്ളിൽ ഒരു വായ്പക്കാരൻ പലിശയായി 54 ലക്ഷം നൽകിയാൽ മതിയായിരുന്നെങ്കിൽ ഇനിയത് 56 ലക്ഷമായിരിക്കും.


ഈ പ്രതിസന്ധി മറികടക്കാൻ ഒരു വായ്പക്കാരന് രണ്ട് വഴികളേ മുന്നിലുള്ളൂ. ഒന്നുകിൽ ഉയർന്ന ഇഎംഐ അടയ്ക്കുക അല്ലെങ്കിൽ ഇഎംഐ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് വായ്പയുടെ കാലാവധി വർധിപ്പിക്കുക. രണ്ടായാലും സാധാരണക്കാരെ സംബന്ധിച്ച് ഇത് തിരിച്ചടിയായിരിക്കും. ചുരുക്കത്തിൽ, ഭവനവായ്പയുടെ പലിശ നിരക്ക് കുത്തനെ ഉയരും, ഒപ്പം ഇഎംഐയും.


ബക്കറ്റ് ലിസ്റ്റിലുള്ള കാർ വാങ്ങാനൊരുങ്ങുന്നവർ അറിയാൻ


ഭവന വായ്പകളിൽ മാത്രമല്ല റിപ്പോ നിരക്ക് വർധനയുടെ ആഘാതം പ്രതിഫലിക്കുക. ബാങ്കുകൾ വായ്പാ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനാൽ ഫ്ലോട്ടിംഗ്-റേറ്റ് വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, മറ്റ് ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ എന്നിവയും കൂടുതൽ ചെലവേറിയതായിത്തീരും. അതായത്, 9 ശതമാനം പലിശ നിരക്കിൽ 5 വർഷത്തെ കാലാവധിയിൽ 10 ലക്ഷം രൂപയുടെ കാർ ലോൺ എടുത്തവർക്ക് നിലവിലെ ഇഎംഐ 20,758 രൂപയായിരിക്കും. റിപ്പോ നിരക്ക് ഉയർന്നതോടെ പലിശ നിരക്ക് 9.25 ശതമാനമായി വർധിക്കും, ഇഎംഐ 20,880 രൂപയായി ഉയരും. തിരഞ്ഞെടുത്ത ബാങ്ക്, ശേഷിക്കുന്ന വായ്പാ കാലാവധി, പലിശ പുനഃക്രമീകരണ നിയമങ്ങൾ എന്നിവയെ ആശ്രയിച്ച് യഥാർത്ഥ ഇഎംഐ വ്യത്യാസപ്പെടാം.


വ്യക്തി​ഗത വായ്പകൾക്കും ചെലവേറും


വിദ്യാഭ്യാസ ആവശ്യങ്ങൾ, വീടിന്റെ അറ്റുകുറ്റപ്പണികൾ, ആരോ​ഗ്യ സാഹചര്യങ്ങൾ തുടങ്ങി അടിയന്തരമായ ഏത് ചെലവുകൾക്കും വ്യക്തിഗത വായ്പകൾ അത്യാവശ്യമായ ഒരു സാമ്പത്തിക സഹായമാണ്. വ്യക്തി​ഗത വായ്പകളുടെ പരിശ നിരക്കും, പ്രതിമാസ തിരിച്ചടവും ആർ‌ബി‌ഐ റിപ്പോ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ 11% പലിശ നിരക്കിൽ 48 മാസത്തെ വായ്പാ കാലാവധിയിൽ 5 ലക്ഷം വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ഏകദേശം 13,000 രൂപ ഇഎംഐ അടയ്ക്കുന്നുണ്ടാവും. എന്നാൽ, റിപ്പോ നിരക്ക് വർധിച്ചതിനാൽ നിങ്ങളുടെ വായ്പയുടെ പലിശ നിരക്ക് 12% ആയി വർധിപ്പിച്ചേക്കും. ഇതോടെ, ഇഎംഐ 13,200 അല്ലെങ്കിൽ അതിൽ കൂടുതലായി ഉയർന്നേക്കും.


സംരംഭകരേയും ബാധിക്കും


ചെറിയതോ വലിയതോ ആയ തുക വായ്പയെടുത്ത് സംരംഭങ്ങൾ ആരംഭിച്ചവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ പ്രതിമാസ തിരിച്ചടവിനെയും റിപ്പോ നിരക്ക് വർധന ബാധിക്കും. പല ബിസിനസുകൾക്കും, പ്രത്യേകിച്ച് ചെറുകിയ സംരംഭങ്ങൾക്ക്, ഇഎംഐ പ്രതിമാസ സാമ്പത്തിക ബാധ്യതകളുടെ ഒരു പ്രധാന ഭാഗമാണ്. റിപ്പോ നിരക്ക് വർധിക്കുമ്പോൾ ഈ പ്രതിമാസ തിരിച്ചടവ് ഉയരും. പ്രതിമാസ സാമ്പത്തിക ബാധ്യതകളെ ചിട്ടയോടെ കൊണ്ടു പോകുന്നവർക്ക് അത് തിരിച്ചടിയാകും. പലിശ വർദ്ധിക്കുന്നതോടെ വ്യവസായങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധനം കണ്ടെത്തുന്നത് പ്രതിസന്ധിയിലാകും. ആശ്രയിക്കുന്ന വാണിജ്യ വായ്പകളുടെ ചെലവേറും. ഇതിനുപുറമെ, വ്യവസായം വിപുലീകരിക്കുന്നതിനോ പുതിയ യന്ത്രങ്ങൾ വാങ്ങുന്നതിനോ എടുക്കുന്ന വായ്പയെടുക്കാനിരുന്നവർക്ക് നിലവിലെ പലിശഭാരം താങ്ങാനാവാത്ത രീതിയിൽ വർധിക്കും.


പലിശനിരക്ക് ഉയർത്തുന്നതിന്റെ പ്രധാന അപകടം സാമ്പത്തിക വളർച്ചയുടെ വേഗം കുറയുമെന്നതാണ്. വായ്പാ ചെലവ് കൂടുമ്പോൾ കുടുംബങ്ങളുടെ ബജറ്റിൽ മാറ്റം വരും. വായ്പകൾക്ക് ചെലവേറുന്നതോടെ ഉൽപ്പാദന മേഖലയിലെ പ്രവർത്തനങ്ങളെയും തൊഴിലവസരങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം. ജനങ്ങളുടെ കൈയിൽ പണമില്ലാതാകുന്നതോടെ വിപണിയിൽ ആവശ്യകത കുറയുകയും, ഇത് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ പിന്നോട്ട് വലിക്കും. വൻകിട കോർപ്പറേറ്റുകൾക്ക് കോടികളുടെ ഇളവുകൾ നൽകുന്ന സർക്കാരും കേന്ദ്ര ബാങ്കും ആഗോള പ്രതിസന്ധിയുടെയും വിലക്കയറ്റത്തിന്റെയും ഭാരം സാധാരണക്കാരുടെ ചുമലിലേക്ക് തള്ളുകയാണ്. സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാൻ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിന് പകരം, റിപ്പോ നിരക്ക് വർധിപ്പിച്ച് പലിശയുടെ ഭാരം അടിച്ചേൽപ്പിച്ച് സാധാരണക്കാരെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് വ്യക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home