നെൽക്കർഷകരെ വഞ്ചിച്ച് യുഡിഎഫ്
സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനം 35 രൂപ; കൂട്ടിയത് 28 പൈസ


സ്വന്തം ലേഖകൻ
Published on Nov 11, 2026, 12:47 AM | 1 min read
പാലക്കാട്
തെരഞ്ഞെടുപ്പുകാലത്ത് നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 35 രൂപയാക്കുമെന്നും പിആർഎസ് വായ്പാരീതി അവസാനിപ്പിക്കുമെന്നും വാഗ്ദാനം നൽകി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ നെൽക്കർഷകരെ വഞ്ചിച്ചു. 2026–27 വർഷത്തെ നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 30 രൂപയിൽനിന്ന് 31 രൂപയായി ഉയർത്തിയ ഉത്തരവിൽ സംസ്ഥാന സർക്കാർ കൂട്ടിയത് 28 പൈസ മാത്രം. ഒരു രൂപയുടെ വർധന വരുത്തി കർഷകർക്ക് ‘ദീപാവലി സമ്മാനം’ നൽകിയെന്ന പേരിലാണ് പ്രചാരണം. എന്നാൽ ഒരു രൂപയിൽ 72 പൈസയും കേന്ദ്ര സർക്കാർ താങ്ങുവിലയിൽ വരുത്തിയ സ്വാഭാവിക വർധനയാണ്. കേന്ദ്ര താങ്ങുവില 24.41 രൂപയായി ഉയർന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 6.31 രൂപയിൽനിന്ന് 6.59 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഒന്നാംവിള കൊയ്ത്ത് തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും നെല്ലുസംഭരണം ആരംഭിക്കാനോ മില്ലുകളുമായുള്ള കരാർ പൂർത്തിയാക്കാനോ സർക്കാരിന് സാധിച്ചിരുന്നില്ല. സംഭരണവും വില പ്രഖ്യാപനവും അനിശ്ചിതമായി വൈകിയതോടെ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ ജില്ലയിലെ ഭൂരിഭാഗം കർഷകരും കിലോയ്ക്ക് 19–22 രൂപയെന്ന തുച്ഛവിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് വിറ്റഴിക്കാൻ നിർബന്ധിതരായി. ഭൂരിഭാഗം പാടശേഖരങ്ങളിലെയും നെല്ല് സ്വകാര്യ ലോബികൾ കൈക്കലാക്കിയശേഷമാണ് സർക്കാർ വർധന പ്രഖ്യാപിച്ചത്. അതിനാൽ വിലവർധനയുടെ പ്രയോജനം കർഷകർക്ക് ലഭിക്കില്ല. നെല്ല് സംഭരിക്കുമ്പോൾ കർഷകരുടെ പേരിൽ ബാങ്ക് വായ്പ എടുത്ത് തുക നൽകുന്ന പിആർഎസ് രീതി മാറ്റുമെന്നും നെല്ല് അളക്കുമ്പോൾതന്നെ തുക നേരിട്ട് അക്കൗണ്ടിൽ നൽകുമെന്നുമായിരുന്നു യുഡിഎഫിന്റെ മറ്റൊരു വാഗ്ദാനം. കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കുന്ന സ്ഥിതി ഒഴിവാക്കുമെന്നും പറഞ്ഞിരുന്നു. ഇതും പാഴ്വാക്കായി. ഉൽപ്പാദനച്ചെലവ് ഇരട്ടിച്ചതും വളം, -കൂലി വർധനയും കാലാവസ്ഥാ വ്യതിയാനം, രോഗ–കീടബാധ എന്നിവയാൽ വലയുന്ന കർഷകർക്ക് ഇരുട്ടടിയാണ് യുഡിഎഫ് സർക്കാർ തീരുമാനം.









0 comments