നെല്ലുസംഭരണം; വൈകാൻ കാരണം ഫീൽഡ് സ്റ്റാഫിന്റെ അഭാവം


അഖില ബാലകൃഷ്‌ണൻ
Published on Apr 18, 2026, 12:49 AM | 1 min read
പാലക്കാട്
ഫീൽഡ് സ്‌റ്റാഫുകളെ ആവശ്യപ്പെട്ടുള്ള കൂടിക്കാഴ്‌ചയ്‌ക്ക് മതിയായ ഉദ്യോഗാർഥികൾ എത്താത്തതും പശ്‌ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ പോയതും ജില്ലയിലെ നെല്ല് സംഭരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഫീൽഡ് സ്റ്റാഫുകൾ കർഷകരുടെ അടുത്തെത്തി നെല്ലിന്റെ കണക്കെടുത്തശേഷമാണ് മില്ലുകൾക്ക് സംഭരണം തുടങ്ങാനാകുക. ഇത്തവണ ആവശ്യത്തിന് സ്റ്റാഫുകളെ ലഭിക്കാത്തതാണ് പലയിടത്തും കൊയ്‌തെടുത്ത നെല്ല് കെട്ടിക്കിടക്കാൻ ഇടയാക്കിയത്. പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ യോഗ്യതയുള്ള, കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ചവരെയാണ് ഫീൽഡ് സ്റ്റാഫുകളായി നിയമിക്കുന്നത്. അഴിമതി തടയാൻ രണ്ടുവർഷം ഫീൽഡ് സ്റ്റാഫായവരെ തുടർച്ചയായി നിയമിക്കരുതെന്നും ഉത്തരവുണ്ട്. ഇതിനായി 60 ഫീൽഡ് ജീവനക്കാരെ നിയമിക്കാൻ കൂടിക്കാഴ്‌ചയ്‌ക്ക് ക്ഷണിച്ചെങ്കിലും അത്രയും പേർ വന്നില്ല. കൂടിക്കാഴ്‌ചയിൽ പങ്കെടുത്തവരുടെ എണ്ണം നന്നേ കുറവ്. അതിനാൽ പകുതിയോളം പേരെ മാത്രമാണ് നിയമിക്കാനായത്. പ്രശ്നങ്ങൾ പരിഹരിച്ച് സംഭരണം വേഗത്തിലാക്കാൻ സപ്ലൈകോ ആവശ്യപ്പെട്ടതനുസരിച്ച് കൃഷി വകുപ്പിൽനിന്ന് 10 സ്റ്റാഫുകളെക്കൂടി അനുവദിച്ചിട്ടുണ്ട്. നേരത്തേ നിയമിച്ച ഒമ്പതുപേർക്ക് പുറമേയാണിത്. 60 ജീവനക്കാരെങ്കിലും വേണ്ടിടത്ത് നിലവിൽ 50 പേരാണുള്ളത്. ഇതുവരെ സംഭരണം തുടങ്ങാത്ത മേഖലകളിൽ വരുംദിവസങ്ങളിൽ സ്റ്റാഫുകളെ നിയമിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. കരാറിലേർപ്പെട്ട മില്ലുകളുടെ എണ്ണം കഴിഞ്ഞതവണത്തേക്കാൾ കുറവാണ്. എന്നാൽ ഇവിടങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരും അതിഥിത്തൊഴിലാളികളാണ്. അവർ കൂട്ടത്തോടെ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതാണ് പ്രതിസന്ധിക്ക് മറ്റൊരുകാരണം. അതേസമയം, സംഭരണ പരിധി 2500 കിലോയാക്കാനുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ ശുപാർശ തുടർനടപടിക്കായി കൃഷി വകുപ്പിന് കെമാറിയിട്ടുണ്ട്. സഹകരണസംഘങ്ങൾ വഴിയുള്ള നെൽവില വിതരണവും ജില്ലയിൽ പുരോഗമിക്കുകയാണ്. പിആർഎസ് ലഭിക്കുന്ന മുറയ്‌ക്ക് കർഷകർ അതത് പഞ്ചായത്തുകളിലെ സഹകരണബാങ്കുകളിൽനിന്നാണ് തുക കൈപ്പറ്റുന്നത്.










0 comments