നെല്ല് സംഭരണം; ജില്ലയിൽ 90 ശതമാനം പൂർത്തിയായി


സ്വന്തം ലേഖകൻ
Published on May 20, 2026, 01:32 AM | 1 min read
പാലക്കാട്
ജില്ലയിൽ സപ്ലൈകോ മുഖേനയുള്ള രണ്ടാംവിള നെല്ല് സംഭരണം 90 ശതമാനം പൂർത്തിയായി. വിവിധ മേഖലകളിൽ നിന്നായി 10 ടൺ വീതം ശേഷിയുള്ള 12,000 ലോഡ് നെല്ലാണ് സംഭരിച്ചത്. ലോറികളിൽ തികയ്‌ക്കാനുള്ള അത്രയും നെല്ല് ഇല്ലാത്ത സ്ഥലങ്ങളിലെയും ഉണങ്ങാത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നയിടത്തെയും ലോഡാണ് ബാക്കിയുള്ളത്. ഭൂരിഭാഗം കർഷകർക്കും നെല്ലിന്റെ വില കിട്ടിയിട്ടില്ല. പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയുള്ള പിആർഎസ് വായ്പ വിതരണം പൂർണതോതിൽ പ്രാവർത്തികമാകാത്തതാണ് കാരണം. തെരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ സർക്കാർ അധികാരമേറ്റെടുക്കാൻ സമയമെടുത്തതിനാൽ കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് വായ്പ അനുവദിക്കാത്തതാണ് തുക വിതരണം പ്രതിസന്ധിയിലാക്കിയത്. സംഭരണം നടത്തുന്ന 74 സഹകരണ സംഘങ്ങളിൽ 29 എണ്ണം ആദ്യ ഘട്ടത്തിൽ തുക വിതരണം ചെയ്തിരുന്നെങ്കിലും സംഭരണ തോത് വർധിച്ചതോടെ പ്രതിസന്ധിയിലായി. രണ്ടാംവിളയുടെ തുക ലഭിക്കാത്തതിനാൽ അടുത്ത ഒന്നാംവിള കൃഷിയുടെ ഒരുക്കങ്ങൾക്ക് പണമില്ലാത്ത അവസ്ഥയിലാണ് കർഷകർ. എൽഡിഎഫ് സർക്കാർ വർധിപ്പിച്ച ഇൻസെന്റീവടക്കം കിലോയ്ക്ക് 30 രൂപയാണ് നൽകിയിരുന്നത്. കേന്ദ്രം 2000 കോടിയോളം രൂപയുടെ കുടിശ്ശിക നൽകാനുണ്ടായിട്ടും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നെല്ല് സംഭരണവും തുക വിതരണവും കൃത്യമായി നടന്നു. പുതുതായി അധികാരമേറ്റ് യുഡിഎഫ് സർക്കാർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും തുടങ്ങിയിട്ടില്ല.










0 comments