Deshabhimani

പി ജയപാലമേനോൻ അന്തരിച്ചു

പി ജയപാലമേനോൻ
വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 AM | 2 min read


ചിറ്റൂർ/പാലക്കാട്‌

​കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും ജനശക്തി ഫിലിംസ്‌ മാനേജിങ്‌ ഡയറക്ടറുമായിരുന്ന പി ജയപാലമേനോൻ (92) അന്തരിച്ചു. സംസ്കാരം തിങ്കൾ വൈകിട്ട്‌ നാലിന്‌ കോട്ടക്കടവ് ശ്മശാനത്തിൽ. 1934 ജൂലൈ 24ന് ചിറ്റൂരില്‍ ജനിച്ചു. 1977ല്‍ പാർടി നിർദേശ പ്രകാരം ജനശക്തി ഫിലിംസ്‌ മാനേജിങ്‌ ഡയറക്ടറായി ചുമതലയേറ്റു. പുരോഗമന കലാ സാഹിത്യ സംഘം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, സ്വരലയ, പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി, കഥകളി ട്രസ്റ്റ്, ചിത്രകലാ ട്രസ്റ്റ് തുടങ്ങിയ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. ‘ഒളിമങ്ങാത്ത ഓർമകൾ’ ആത്മകഥ രചിച്ചിട്ടുണ്ട്‌. 42 വർഷം അഭിഭാഷകനായി പ്രവർത്തിച്ചശേഷം 2003ൽ വിരമിച്ചു. ഭാര്യ: ചിറ്റൂർ എഴുവത്ത് വീട്ടിൽ ലളിത. മക്കൾ: സുഭാഷ്, സുധീഷ്, സുരേഷ്. മരുമക്കൾ: രാധിക, സന്ധ്യ, ലിജി.


എന്നും ഇടതുപക്ഷം

സ്വന്തം ലേഖകൻ

ചിറ്റൂർ

പ്രതിസന്ധികളിൽ പതറാതെ എക്കാലവും കമ്യൂണിസ്റ്റ്‌ പാർടിക്കൊപ്പം പ്രവർത്തിച്ച സാംസ്‌കാരിക പ്രവർത്തകനായിരുന്നു അഡ്വ. പി ജയപാലമേനോൻ. പാലക്കാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന്‌ കേരളത്തിലെ സാംസ്‌കാരിക മേഖലയ്‌ക്ക്‌ ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തിത്വം. 1954ൽ 20–ാം വയസ്സിൽ ചിറ്റൂര്‍ ഗവ. കോളേജ്‌ വിദ്യാർഥിയായിരിക്കെ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. സി കെ ചന്ദ്രപ്പന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. കമ്യ‍ൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ജനകീയസിനിമയുടെ വക്താവും പ്രചാരകനുമായി. ചിറ്റൂരിലെ പാഞ്ചജന്യം ഗ്രന്ഥശാലയുടെയും ചലച്ചിത്രമേളയുടെയും സ്ഥാപകനുമാണ്‌. കലാഭാഷ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾക്കും നേതൃത്വം നൽകി. കേരളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകി. നല്ലവരുമാനമുണ്ടായിരുന്ന അഭിഭാഷക വൃത്തിയിൽനിന്ന്‌ അവധിയെടുത്താണ്‌ വളരെ കുറഞ്ഞ വരുമാനമുള്ള ജനശക്തി ഫിലിംസിന്റെ മാനേജിങ്‌ ഡയറക്ടറുടെ ചുമതലയേറ്റെടുത്തത്‌. സത്യാജിത്‌ റേ, മൃണാൾ സെൻ, ശ്യാം ബെനഗൽ, ഗിരീഷ് കാസറവള്ളി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ കേരളത്തിലെത്തിക്കുന്നതിലും ഫിലിം സൊസൈറ്റികളിലൂടെ പ്രദർശിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനശക്തി ഫിലിംസ് പ്രധാന പങ്കുവഹിച്ചു. കേരളത്തിൽ ആദ്യമായി ചലചിത്രോത്സവം സംഘടിപ്പിച്ചതും അക്കാലത്താണ്‌. അടിയന്തരാവസ്ഥാകാലത്ത്‌ ഇ എം എസ്‌ പങ്കെടുത്ത പാർടി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്‌ ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. മൂന്നുദിവസം നടന്ന രഹസ്യയോഗത്തിന്‌ കാവൽനിന്നതും ജയപാലമേനോൻ ആയിരുന്നു. എം ടി വാസുദേവൻ നായരുമായി അടുത്ത ബന്ധം പുലർത്തി. ​‘ഗർഷോം’ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമാണത്തിലും അദ്ദേഹം പങ്കാളിയായി. പാലക്കാട് കേന്ദ്രീകരിച്ചുള്ള വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം പാലക്കാട് കഥകളി ട്രസ്റ്റ്, പാലക്കാട് ചിത്രകലാ ട്രസ്റ്റ്, പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി, സ്വരലയ തുടങ്ങിയ സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. പാഞ്ചജന്യം ഫിലിം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റാണ്‌.


സാംസ്‌കാരിക മേഖലയ്‌ക്ക്‌ 
തീരാനഷ്‌ടം: 
ഇ എൻ സുരേഷ്‌ബാബു

ചിറ്റൂർ

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും ജനശക്തി ഫിലിംസ്‌ മാനേജിങ്‌ ഡയറക്ടറുമായിരുന്ന പി ജയപാലമേനോന്റെ നിര്യാണം സാംസ്‌കാരിക മേഖലയ്‌ക്ക്‌ തീരാനഷ്ടമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. മരണംവരെ അദ്ദേഹം ഇടതുപക്ഷത്തോടും കമ്യൂണിസ്റ്റ്‌ പാർടിയോടും ചേർന്നുനിന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം സമൂഹ്യമുന്നേറ്റമായിരിക്കണം എന്ന്‌ ഉറച്ചുവിശ്വസിച്ചു. അതിനായി അവിശ്രമം പ്രവർത്തിച്ചു. പുതിയകാലത്തെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക്‌ ജയപാലമോനോൻ മാതൃകയാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home