Deshabhimani

11 ശതമാനം ലാഭവിഹിതം

ഒറ്റപ്പാലം അർബൻ ബാങ്ക് സംസ്ഥാനത്ത് ഒന്നാമത്

ഒറ്റപ്പാലം കോ-–ഓപ്പറേറ്റീവ് അർബൻ ബാങ്ക്
വെബ് ഡെസ്ക്

Published on Oct 07, 2026, 01:09 AM | 1 min read

ഒറ്റപ്പാലം

കോ-–ഓപ്പറേറ്റീവ് അർബൻ ബാങ്ക് 2025-–26 സാമ്പത്തികവർഷം ഓഹരി ഉടമകൾക്ക് 11 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന 58 അർബൻ ബാങ്കുകളിൽ ഏറ്റവും ഉയർന്ന ലാഭവിഹിതം നൽകുന്ന ബാങ്കായി ഒന്നാംസ്ഥാനത്തെത്തി. കഴിഞ്ഞവർഷം 10 ശതമാനം ലാഭവിഹിതമായി 1.14 കോടി രൂപയായിരുന്നു ബാങ്ക്‌ വിതരണം ചെയ്തത്‌. ഇത്തവണ അത്‌ 11 ശതമാനമാക്കി വർധിപ്പിച്ച്‌ 1.21 കോടി രൂപ നൽകാനായി. അർബൻ ബാങ്കുകളുടെ പ്രവർത്തനം റിസർവ് ബാങ്ക് ദൈനംദിനം നിരീക്ഷിക്കുന്നുണ്ട്. മൂലധന പര്യാപ്തത, ആസ്തികളുടെ ഗുണനിലവാരം, ലാഭക്ഷമത എന്നീ മൂന്ന് മാനദണ്ഡങ്ങളിലാണ് വിലയിരുത്തൽ. മൂന്ന് മാനദണ്ഡങ്ങളിലും മികവ് തെളിയിച്ചാണ് ബാങ്കിന്റെ മുന്നേറ്റം. 12 ശതമാനം മൂലധന പര്യാപ്തത വേണ്ടിടത്ത്‌ 18.60 ശതമാനം കൈവരിച്ചു. നിഷ്‌ക്രിയ ആസ്തി അഞ്ച്‌ ശതമാനത്തിൽ താഴെ വേണം. ഇത്‌ 2.44 ശതമാനമായി കുറച്ചു. ബാങ്ക് ആരംഭിച്ച 1937 മുതൽ ലാഭത്തിലാണ്. പൂർണമായും കോർ ബാങ്കിങ് സംവിധാനത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. എടിഎം, സിഡിഎം, മൊബൈൽ ബാങ്കിങ്, ആർടിജിഎസ്, എൻഇഎഫ്‌ടി, ഐഎംപിഎസ്, സർക്കാർ സബ്സിഡികൾ നേരിട്ട് അക്കൗണ്ടിലെത്തിക്കുന്ന നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സംവിധാനം എന്നിവയും നൽകുന്നുണ്ട്. ബാങ്കിന്റെ സ്വന്തം മൊബൈൽ ആപ്പായ ‘ഡിജി പോക്കറ്റ്’ വഴി സിനിമാ ടിക്കറ്റ് ബുക്കിങ്, വൈദ്യുതി ബിൽ അടയ്ക്കൽ, യാത്രാ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണെന്ന്‌ ചെയർമാൻ യു രാജഗോപാൽ, മാനേജിങ് ഡയറക്ടർ ഡോ. എം രാമനുണ്ണി എന്നിവർ അറിയിച്ചു. ബാങ്കിന്റെ ഓഹരി എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഏത് ശാഖയുമായും ബന്ധപ്പെടാം. നിലവിലെ ലാഭവിഹിതം ഓഹരിയാക്കിമാറ്റാനും അവസരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home