ഇന്ന് ഓറഞ്ച് ജാഗ്രത
അണക്കെട്ടുകൾ നിറയുന്നു

പാലക്കാട്
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നിലവിൽ ശിരുവാണി, മലമ്പുഴ, പോത്തുണ്ടി, മീങ്കര, മംഗലം അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. ശിരുവാണിയിലെ റിവർ സ്ലൂയിസ് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ തുറന്നിട്ടുണ്ട്. 86 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. മലമ്പുഴ, മംഗലം അണക്കെട്ടുകളിൽ എല്ലാ സ്പിൽവേ ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതവും മീങ്കര അണക്കെട്ടിൽ രണ്ട് ഷട്ടർ രണ്ട് സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിൽ 65 ശതമാനവും മംഗലം അണക്കെട്ടിൽ 81 ശതമാനവും മീങ്കര അണക്കെട്ടിൽ 90 ശതമാനവും വെള്ളമുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പോത്തുണ്ടി അണക്കെട്ട് കഴിഞ്ഞദിവസം തുറന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ 30 അടിയായിരുന്നു അണക്കെട്ടിൽ വെള്ളം. ഇവിടെ കഴിഞ്ഞ ദിവസം 52 അടി വെള്ളം രേഖപ്പെടുത്തി. നിലവിൽ 95 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. പോത്തുണ്ടി, ചുള്ളിയാർ, മംഗലം, മീങ്കര അണക്കെട്ടുകളിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ, മൂലത്തറ അണക്കെട്ടുകളിൽ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് ശനിയാഴ്‌ച ജില്ലയിൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഞായറാഴ്‌ചയും ജില്ലയിൽ ഓറഞ്ച് ജാഗ്രതയാണ്.









0 comments