ഓൺലൈൻ ലോട്ടറി വിൽപ്പന; പൊലീസ് പരിശോധന പേരിനുമാത്രം

ചിറ്റൂർ
കേരള – തമിഴ്നാട് അതിർത്തിയിലും മറ്റ് ഭാഗങ്ങളിലും ഓൺലൈൻ ലോട്ടറി വിൽപ്പന സംഘങ്ങൾക്കെതിരെ പൊലീസ് നടപടിയില്ല. രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ലോട്ടറിക്കടകൾക്ക് നോട്ടീസ് നൽകുക മാത്രമാണ് പൊലീസ് ചെയ്യുന്നത്. രജിസ്റ്റർ ചെയ്യാതെ ഓൺലൈനായി വിൽക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാത്തതിനാൽ വാട്‌സ്‌ആപ്പ് വഴിയുള്ള കച്ചവടം വ്യാപകമാണ്. നോട്ടീസ് നൽകുന്നതിനൊപ്പം ലോട്ടറിക്കടകളിലെ ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ ഫോൺ പരിശോധിക്കാൻ തയ്യാറാവാത്തത് വിമർശത്തിന് വഴിവച്ചിട്ടുണ്ട്. കേരളത്തിൽ ലോട്ടറിവിൽപ്പനയ്‌ക്ക് ലൈസൻസ് നിർബന്ധമാണ്. എന്നാൽ ലോട്ടറി ഏജൻസികളിൽനിന്ന് വൻതോതിൽ ടിക്കറ്റ് വാങ്ങി വാട്‌സ്‌ആപ്പ് വഴി വിൽക്കുകയാണ് രീതി. അതിനാൽ ഇത്തരക്കാരെ കണ്ടെത്താൻ ഏജൻസികളിൽനിന്ന് വിവരശേഖരണം നടത്തണം. ലോട്ടറിയെടുക്കുന്നവരിൽ ഇതരസംസ്ഥാനക്കാരാണ് ഭൂരിഭാഗവും. ഏറ്റവുമധികം പറ്റിക്കപ്പെടുന്നതും ഇവരാണ്. അതിനാൽ പൊലീസ് ഇതിന് വലിയ പ്രാധാന്യം നൽകാനും തയ്യാറാകുന്നില്ല. തമിഴ്നാട്ടിലെ അതിർത്തി പരിശോധനയിൽ കേരള ലോട്ടറി കണ്ടെടുത്താലും നടപടി ഉണ്ടാകുന്നതിനാലാണ് ഓൺലൈൻ വിൽപ്പനയെ ആശ്രയിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ തമിഴ്നാട്ടിൽനിന്ന് ആവശ്യക്കാർ രാവിലെയെത്തി വലിയൊരു സംഖ്യയ്ക്ക് ലോട്ടറിയെടുക്കും. പിന്നീട് ഫലം വരുന്ന സമയം വരെ ഇവിടെ ചെലവിട്ട് സമ്മാനം ലഭിച്ചെങ്കിൽ അത് വാങ്ങി അടുത്ത ദിവസത്തെ ടിക്കറ്റുമെടുത്താണ് മടക്കം. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഓൺലൈൻ ലോട്ടറി വിൽപ്പന അതിർത്തിയിലെ കടകൾ കേന്ദ്രീകരിച്ച് നടത്താൻ ആരംഭിച്ചത്. ഓൺലൈൻ ലോട്ടറി വിൽപ്പനയ്ക്കായി നിരവധി പേരാണ് ജോലി ചെയ്യുന്നത്. ഓൺലൈനായി ടിക്കറ്റ് വിൽക്കുന്നതും ഒരേ നമ്പർ പലർക്ക് വിൽക്കുന്നതും കുറ്റകരമാണെന്നും പൊലീസ് പറയുന്നുണ്ടെങ്കിലും പരിശോധനയും നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.










0 comments