ad
Deshabhimani

print edition എൻടിഎ ദുർബലം; വീഴ്ച തുറന്നുകാട്ടി സിബിഐ

NTA
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 01:31 AM | 1 min read

ന്യൂഡൽഹി : നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ ദേശീയ ടെസ്റ്റിങ്‌ ഏജൻസിയുടെ (എൻടിഎ) സന്പൂർണപരാജയം വെളിപ്പെടുത്തി സിബിഐ കുറ്റപത്രം. കേന്ദ്രസർക്കാർ സുതാര്യതയില്ലാതെ തട്ടിക്കൂട്ടിയ എൻടിഎ പിരിച്ചുവിടണമെന്ന പ്രതിപക്ഷ പാർടികളുടെയും വിദ്യാർഥികളുടെയും ആവശ്യത്തെ സാധൂകരിക്കുന്ന വസ്‌തുതകളാണ്‌ ഡൽഹിയിലെ പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടം മുതൽ അത്‌ കുട്ടികളുടെ കൈയിലെത്തുംവരെയുള്ള പഴുതുകൾ കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞു. എന്നാൽ ഗുരുതര വീഴ്‌ചവരുത്തിയ എൻടിഎ ഉദ്യോഗസ്ഥർക്ക്‌ ക്രമക്കേടിൽ പങ്കില്ലെന്ന്‌ സ്ഥാപിക്കാനും സിബിഐ ശ്രമിക്കുന്നു.


എൻടിഎ നിയമിച്ച അധ്യാപകരായ മനീഷ മന്ഥാരെ, പി വി കുൽക്കർണി, മനീഷ ഹവൽദാർ എന്നിവരാണ്‌ പ്രധാന പ്രതികൾ. കോച്ചിങ്‌ നടത്തുന്നില്ലെന്നും സ്ഥാപനങ്ങളുമായി ബന്ധമില്ലെന്നും ഇവർ നൽകിയ സാക്ഷ്യപത്രത്തിൽ പ്രാഥമിക പരിശോധനപോലും എൻടിഎ നടത്തിയില്ല. ഇവർക്ക്‌ കോച്ചിങ്‌ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി ബന്ധമുണ്ടായിരുന്നു. ഒരേ അധ്യാപകരെ ചോദ്യപേപ്പർ തയ്യാറാക്കലിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളാക്കി എൻടിഎ പ്രോട്ടോക്കോൾ ലംഘിച്ചു.


ചോദ്യങ്ങൾ ചോർത്തുന്നത്‌ കണ്ടുപിടിക്കാൻ സുരക്ഷാപരിശോധനയോ നിരീക്ഷണമോ ഏർപ്പെടുത്തിയില്ല. ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾക്കും നിയന്ത്രണമുണ്ടായില്ല. പ്രതികൾ ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുത്തു. എസ്‌ബിഐ ബാങ്കുകളിൽനിന്ന്‌ ചോദ്യപേപ്പർ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്പോൾ സുരക്ഷാവീഴ്ചയുണ്ടായി. ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള ഒയാസിസ് സ്‌കൂളിലെ കൺട്രോൾ റൂമിൽപോലും ഏജന്റുമാർ കയറി. പരീക്ഷാകേന്ദ്രങ്ങളിൽ എൻടിഎ ഉദ്യേഗസ്ഥർക്ക്‌ നിയന്ത്രണമുണ്ടായിരുന്നില്ല. സീൽ പൊട്ടിച്ചാലും വീണ്ടും സീൽചെയ്യാവുന്ന ട്രങ്ക്‌ ബോക്‌സുകളിലായിരുന്നു ചോദ്യപേപ്പറുകളുടെ വിതരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home