print edition പിഎസ്‍സി ശുപാർശ അട്ടിമറിച്ച് അസിസ്റ്റന്റ് സർജന്‍ നിയമനം; ലക്ഷ്യം അഴിമതി

എസ് കിരൺബാബു
Published on Aug 09, 2026, 02:21 AM | 1 min read
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ പിഎസ്‍സി ശുപാർശക്രമം അട്ടിമറിച്ച് സംസ്ഥാന സർക്കാരിന്റെ നിയമനം. നിലവിലെ പട്ടിക അട്ടിമറിച്ചാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ 130 പേരെ വിവിധ ജില്ലകളിൽ നിയമിച്ചത്. പിഎസ്‍സി ശുപാർശ തഴഞ്ഞ് പട്ടികയിൽ പിന്നിലുള്ളവർക്ക് നിയമനം നടത്തുന്നത് ചട്ടവിരുദ്ധമാണ്. കൗണ്‍സലിങ്ങിനെന്ന പേരില്‍ ഉദ്യോഗാര്‍ഥികളെ വിളിച്ചുവരുത്തിയാണ് നിയമനപ്പട്ടിക തയ്യാറാക്കിയത്.
പിഎസ്‌സി പട്ടികയിലെ ഒന്നാമനുശേഷം അഞ്ചാമന് നിയമനം നൽകിയതടക്കം നിരവധി പൊരുത്തക്കേടുണ്ട്. കോൺഗ്രസ് നേതാക്കൾക്കും ഭരണാനുകൂല സംഘടനകൾക്കും കോഴ ഇടപാടിന് അവസരമുണ്ടാക്കാനാണ് നടപടിയെന്നാണ് ആക്ഷേപം. ഇഷ്ടസ്ഥലത്തെ നിയമനത്തിന് രണ്ടുലക്ഷം രൂപവരെ ചില യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതായി ഉദ്യോഗാർഥികൾ പറയുന്നു.
മെയ് വരെ 408 അസിസ്റ്റന്റ് സർജൻ തസ്തികയിൽ പിഎസ്‍സി നിയമന ശുപാർശ അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ക്രമപ്രകാരം നിയമനത്തിനുള്ള പട്ടിക ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന കെ ജെ റീന തയ്യാറാക്കുകയും ചെയ്തു. പകർച്ചവ്യാധി വ്യാപനംകൂടി കണക്കിലെടുത്ത് അടിയന്തര നിയമനത്തിന് നടപടി തുടരുന്പോഴാണ് വ്യാജ ആരോപണം ഉന്നയിച്ച് ഡോ. റീനയെ തരംതാഴ്‌ത്തിയത്. ആ നിയമനങ്ങൾ നടത്താതെ രണ്ടരമാസം യുഡിഎഫ് സർക്കാർ നീട്ടിക്കൊണ്ടുപോയി. റീനയെ മാറ്റിയത് പ്രതികാര നടപടിയാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻതന്നെ സമ്മതിച്ചിരുന്നു.
ഉദ്യോഗാർഥികൾക്ക് താൽപ്പര്യമുള്ള സ്ഥലം അറിയാനും ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിനുമാണ് കൗൺസലിങ് നടത്തിയതെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികയെന്നും ബാക്കി നിയമനം പിന്നീടെന്നും ഡയറക്ടർ പറയുന്നു. ദീർഘകാല അവധി വേണ്ടവർ ജോലിയിൽ പ്രവേശിച്ചശേഷമാണ് അവധി അപേക്ഷ നൽകേണ്ടത്. ഇങ്ങനെ വരുന്ന ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്‌ത് നിയമനം നടത്തുന്നതാണ് കീഴ്‌വഴക്കം. അതുകൊണ്ടുതന്നെ, കൗൺസലിങ് വാദത്തിന് അടിസ്ഥാനമില്ല. ആരോഗ്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ അനാവശ്യ ഇടപെടലുകളും ഭീഷണിപ്പെടുത്തലും നടത്തുന്ന ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഓഫീസിന്റെയും അനധികൃത ഇടപെടൽ വ്യാപകമാണ്. ഇതിനെതിരെ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്.










0 comments