print edition എഫ്‌സിആർഎ ബിൽ ഇൗയാഴ്ചയില്ല

സ്വന്തം ലേഖകൻ
Published on Aug 09, 2026, 01:31 AM | 1 min read
ന്യൂഡൽഹി : ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി (എഫ്‌സിആർഎ) ബിൽ പാർലമെന്റിൽ ഇൗയാഴ്ച പരിഗണിക്കുന്ന ബില്ലുകളുടെ പട്ടികയിലില്ല. തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ പരിഗണിക്കുന്നതിനായി നാലു ബില്ലുകളാണ് പട്ടികയിലുള്ളത്. വ്യാഴാഴ്ച വരെയാണ് വർഷകാല സമ്മേളനം.
ഖനി–ധാതു ഭേദഗതി ബിൽ, ട്രിബ്യൂണൽ റിഫോംസ് ബിൽ, കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബിൽ, ദേശീയ സഹകരണ വികസന കോർപറേഷൻ ഭേദഗതി ബിൽ എന്നിവയാണ് ഇൗയാഴ്‌ച പരിഗണിക്കുന്നത്. എഫ്‌സിആർ ബിൽ ബുധനാഴ്ച പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ട്. നിർബന്ധമായും ഹാജരാകണമെന്ന് പ്രതിപക്ഷ പാർടികൾ എംപിമാർക്ക് വിപ്പും നൽകിയിരുന്നു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിൽ ഭേദഗതികൾ വരുത്തി പുതിയ ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കമെന്നാണ് സൂചന. എഫ്‌സിആർഎ ബില്ലിനോടുള്ള എതിർപ്പ് ശക്തമാവുകയാണ്. ബില്ലിനോട് യോജിപ്പില്ലെന്ന് എൻസിപി ശരത് പവാർ പക്ഷം നിലപാടെടുത്തു. ബില്ലിൽനിന്ന് പിന്തിരിയണമെന്ന ആവശ്യവുമായി ഡിഎംകെ എംപി പി വിൽസണിന്റെ നേതൃത്വത്തിൽ ക്രൈസ്‌തവ സഭാ നേതാക്കൾ ആഭ്യന്തരമന്ത്രിയെ കണ്ടു.










0 comments