print edition പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി

സ്വന്തം ലേഖകൻ
Published on Aug 09, 2026, 01:35 AM | 1 min read
ന്യൂഡൽഹി : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നേതാക്കളുടെ തമ്മിലടി കോൺഗ്രസിന് തലവേദന. മുൻമുഖ്യമന്ത്രിയും ജലന്ധർ എംപിയുമായ ചരൺജിത്ത് സിങ് ചന്നിയും സംസ്ഥാന പ്രസിഡന്റും ലുധിയാന എംപിയുമായ അമരീന്ദർ രാജ വാറിങ്ങും തമ്മിലാണ് ചേരിപ്പോര്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആര് നയിക്കുമെന്ന തർക്കമാണ് വിഭാഗീയത രൂക്ഷമാക്കിയത്.
ലുധിയാനയിൽ കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ചന്നി പക്ഷക്കാർ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഭൂപേഷ് ഭാഗേലിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ‘ഹർ ബൂത്ത്, കോൺഗ്രസ് മസ്‌ബൂത്ത്’ പരിപാടിക്കിടെയാണ് ‘ഭാഗേൽ ഗോബാക്ക്’ മുദ്രാവാക്യമുയർന്നത്. ചന്നിയുടെ വിശ്വസ്‌തനായ മുൻമന്ത്രി ഭരത് ഭൂഷൺ അഷുവിന്റെ അനുയായികളാണ് മുദ്രാവാക്യമുയർത്തിയത്.
ആർഎസ്‌എസുകാരാണ് മുദ്രാവാക്യം വിളിച്ചതെന്ന് വാറിങ് പിന്നീട് അവകാശപ്പെട്ടു. എന്നാൽ തങ്ങൾ കോൺഗ്രസുകാർ തന്നെയാണെന്നും വാറിങ്ങിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പറഞ്ഞു. ഭൂപേഷ് ഭാഗേൽ വാറിങ്ങിനെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമാണ് ചന്നി പക്ഷത്തിനുള്ളത്. കോൺഗ്രസിന്റെ പ്രചാരണപരിപാടി നടക്കുന്ന ഇടങ്ങളിലെല്ലാം ഭാഗേലിനെതിരായുള്ള പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. ‘ഭാഗേലിനെയും രാജയെയും ഒഴിവാക്കുക, കോൺഗ്രസിനെ രക്ഷിക്കുക’, ‘ചന്നിയെ കൊണ്ടുവരൂ, കോൺഗ്രസ് സർക്കാർ രൂപീകരിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
അമരീന്ദർ വാറിങ്ങിനെ പിസിസി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തതാണ് പോര് രൂക്ഷമായതിന് കാരണം. പ്രചാരണസമിതി ചെയർമാൻ സ്ഥാനമാണ് ചന്നിയ്‌ക്ക് നൽകിയത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ചന്നിയ്‌ക്കുള്ളത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഡൽഹിയിൽ ചന്നിയുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.










0 comments