ad
Deshabhimani

ഓണപ്പരീക്ഷ ഇന്ന്‌ തുടങ്ങും

പാഠഭാഗങ്ങൾ പൂർത്തിയായില്ല; ചോദ്യപേപ്പർ ശിൽപ്പശാലയുമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 13, 2026, 12:00 AM | 1 min read

പാലക്കാട്‌

ഓണപ്പരീക്ഷ വ്യാഴാഴ്‌ച തുടങ്ങാനിരിക്കെ വലഞ്ഞ്‌ അധ്യാപകരും വിദ്യാർഥികളും. സെൻസസ്‌ കണക്കെടുപ്പ്‌ പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അധ്യാപകർക്ക്‌ പാഠഭാഗങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. ചോദ്യപേപ്പർ ശിൽപ്പശാലയും നടത്തിയിട്ടില്ല. 20 ശതമാനം പാഠഭാഗം പൂർത്തിയാകാനുണ്ടെന്നാണ്‌ അധ്യാപകർ പറയുന്നത്‌. പഠിപ്പിക്കാത്ത ഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ വന്നാൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ്‌ വിദ്യാർഥികൾ. എൽഡിഎഫ്‌ സർക്കാർ പാഠഭാഗങ്ങളിൽനിന്ന്‌ ഏത്‌ ചോദ്യം തെരഞ്ഞെടുക്കണമെന്ന്‌ തീരുമാനിക്കാനായി ചോദ്യപേപ്പർ ശിൽപ്പശാല നടത്തിയിരുന്നു. നാല്‌ സെറ്റ്‌ ചോദ്യ പേപ്പറാണ്‌ ഇപ്രകാരം തയ്യാറാക്കിയിരുന്നത്‌. ഇങ്ങനെ ചെയ്‌തിരുന്നെങ്കിൽ എടുക്കാത്ത പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇതിന്‌ തയ്യാറായില്ല. എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാർഥികളാണ്‌ ഏറെ പ്രയാസത്തിലാവുക. ജില്ലയിലെ 15,000 അധ്യാപകരിൽ 7,000 പേരെയാണ്‌ ജനസംഖ്യാ വിവരശേഖരണ ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌. ആദ്യഘട്ടത്തിൽ ഇവർക്ക്‌ ഡ്യൂട്ടി ഇളവ്‌ അനുവദിച്ചില്ല. സ്‌കൂൾ വിട്ടശേഷമോ ശനി, ഞായർ ദിവസങ്ങളിലോ സെൻസസ്‌ ഡ്യൂട്ടി ചെയ്യണമെന്നായിരുന്നു യുഡിഎഫ്‌ സർക്കാർ ഉത്തരവ്‌. സെൻസസ്‌ പ്രവർത്തനങ്ങളും ജോലിയും ഒന്നിച്ചുകൊണ്ടുപോകണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധമുയർന്നതോടെ ജൂലൈ ഒന്നുമുതൽ 30 വരെയുള്ള 20 ദിവസങ്ങളിൽ 10 ദിവസം പൂർണമായോ ഭാഗികമായോ അവധി എടുക്കാമെന്ന്‌ ഉത്തരവിറക്കി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അധ്യാപകരെ ബിഎൽഒ ഡ്യൂട്ടിക്ക്‌ നിയോഗിച്ചപ്പോൾ താൽക്കാലിക അധ്യാപകരെ നിയമിച്ച്‌ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇ‍ൗ മാതൃക സ്വീകരിക്കണമെന്ന്‌ കെഎസ്‌ടിഎ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home