ആംബുലൻസിൽ മാവേലി, സൈറനിട്ട് അഭ്യാസം
വിദ്യാർഥികളുടെ ഓണാഘോഷം വിവാദത്തിൽ

പാലക്കാട്
ആംബുലൻസ് വാടകയ്‌ക്കെടുത്തുള്ള വിദ്യാർഥികളുടെ അതിരുവിട്ട ഓണാഘോഷം വിവാദത്തിൽ. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ആറ്റംസ് കോളേജ് ഓഫ് മീഡിയ ആൻഡ് ടെക്‌നോളജി സ്വകാര്യ കോളേജിലെ ഓണാഘോഷമാണ് വിവാദമായത്. തിങ്കളാഴ്‌ച പകൽ പാലക്കാട് ഗവ. മോയൻ എൽപി സ്കൂളിലായിരുന്നു ഓണാഘോഷം. മാവേലിയെ ഒമിനി ആംബുലൻസിലാണെത്തിച്ചത്. തുടർന്ന് സ്കൂൾ മുറ്റത്ത് ഉച്ചത്തിൽ സൈറനിട്ട് ഓടിക്കുകയും വാഹനത്തിൽനിന്ന് വിദ്യാർഥികൾ നിറങ്ങൾ വാരി എറിയുകയുമായിരുന്നു. വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിനിടെയിലൂടെയായിരുന്നു അഭ്യാസം. ദൃശ്യങ്ങൾ റീലുകളാക്കി വിദ്യാർഥികൾതന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ ജീവൻ രക്ഷാവാഹനത്തെ ദുരുപയോഗം ചെയ്തതിന് ആംബുലൻസ് ഡ്രൈവർമാരുടെ സംഘടന മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി. പരിപാടിയുടെ സംഘാടകർക്കെതിരെയും ആംബുലൻസ് അനുവദിച്ചവർക്കെതിരെയുമാണ് പരാതി. വിഷയത്തിൽ വാഹനം ഓടിച്ചയാൾക്കും ഉടമയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികാരികളോട് വിശദീകരണം തേടുമെന്നും അധികൃതർ അറിയിച്ചു. കോളേജ് ക്യാമ്പസുകളിലെ അപകടകരമായ ഓണാഘോഷങ്ങൾക്കെതിരെ വ്യാപകമായി പരാതി ഉയരുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ലോറികളിലും തുറന്ന ജീപ്പുകളിലും ബൈക്കുകളിലുമെല്ലാം അപകടകരമായ രീതിയിലാണ് ആഘോഷം. മാവേലിയായി വേഷമിടുന്നയാളെ മുന്നിലിരുത്തി മൂന്നും നാലും ആളുകൾ ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ ഒരാഴ്‌ചയായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മിക്ക ക്യാമ്പസുകളിലും അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും അനുവാദം ഇല്ലാതെയാണ് ഇത്തരം ആഘോഷം.










0 comments