ad
Deshabhimani

നഗരം തിരക്കിൽ

പാലക്കാട്‌ നഗരത്തിൽ ശനിയാഴ്‌ച വൈകിട്ടുണ്ടായ തിരക്ക്‌
വെബ് ഡെസ്ക്

Published on Aug 16, 2026, 12:49 AM | 1 min read

പാലക്കാട്‌

ഓണത്തിരക്കിൽ അമരുകയാണ്‌ നാടും നഗരവും. അത്തത്തിനുമുന്പുള്ള അവധി ദിവസമായ ശനിയാഴ്‌ച ഓണക്കോടിയും പൂവും വീട്ടുസാധനങ്ങളും വാങ്ങാനെത്തിയവരാൽ നഗരംനിറഞ്ഞു. വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളിലും ഗൃഹോപകരണ കടകളിലുമാണ്‌ തിരക്ക്‌ കൂടുതൽ. ഓണ സീസണ്‌ മുന്നോടിയായി പുതിയ തുണിത്തരങ്ങൾ കടകളിലെത്തിയിട്ടുണ്ട്‌. ഗൃഹോപകരണ വിൽപ്പന സ്ഥാപനങ്ങൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. തെരുവോരക്കച്ചവടവും സജീവമായി. പാത്രങ്ങളും മൺചട്ടികളും വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാം തെരുവോരങ്ങളിൽനിന്ന്‌ ലഭിക്കും. സെറ്റുസാരികളും സെറ്റുമുണ്ടുകളുടെയും വലിയ ശേഖരംതന്നെ വഴിയോരങ്ങളിൽ വിൽപ്പനയ്‌ക്ക്‌ വച്ചിട്ടുണ്ട്‌. ശനിയാഴ്‌ച ഇടയ്‌ക്ക്‌ മഴയെത്തിയെങ്കിലും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. രാവിലെ സ്വാതന്ത്ര്യദിന പരിപാടികൾ കഴിഞ്ഞതോടെ നഗരത്തിൽ തിരക്കുകൂടി. വൈകിട്ടോടെ തിരക്ക്‌ കൂടിയതോടെ പാലക്കാട്‌ നഗരത്തിന്‌ ശ്വാസംമുട്ടി. ടി ബി റോഡ്, ജി ബി റോഡ്, കോർട്ട് റോഡ്, കോളേജ് റോഡ്, ചിറ്റൂർ റോഡ്‌ തുടങ്ങി പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞു. മൊത്ത വ്യാപാരകേന്ദ്രങ്ങളുള്ള മാർക്കറ്റ് റോഡ്, ബിഒസി റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കായി. വൻകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങളെല്ലാം സീസൺ മുന്നിൽക്കണ്ട് ഓഫറുകളുമായി രംഗത്തുണ്ട്. വസ്ത്രശാലകൾക്കുപുറമെ ഫാൻസി, ഫൂട്‌വെയർ, സ്റ്റേഷനറി ഷോപ്പുകളിലും ആളുകളെത്തുന്നുണ്ട്‌. ചിപ്‌സ്‌ കടകളിലും പാത്രക്കടകളിലും നല്ല തിരക്കുണ്ട്‌.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home