നിറങ്ങൾ നിറഞ്ഞോണം

സ്വന്തം ലേഖകൻ
Published on Aug 17, 2026, 12:04 AM | 1 min read
പാലക്കാട്
"സാരി, ഹാഫ് സാരി, മുണ്ട്, കുർത്ത' ഓണം വർണാഭമാക്കാൻ തുണിക്കടകളൊരുങ്ങി. പുത്തൻ കോടികൾ സ്വന്തമാക്കാൻ വൻതിരക്ക്. വലിയ വസ്‌ത്രവ്യാപാര കടകളിലും തെരുവോരക്കടകളിലും തിരക്ക് സമാനം. ക്യാമ്പസുകളിലും ഓഫീസുകളിലും ഓണാഘോഷങ്ങൾ ആരംഭിച്ചതോടെ സംഘമായാണ് വസ്‌ത്രങ്ങൾ എടുക്കാൻ എത്തുന്നത്. ഓണം എത്തുംമുമ്പ് തുണിത്തരങ്ങൾ വീട്ടിലെത്തിക്കാൻ കുടുംബങ്ങളുടെയും തിരക്കുണ്ട്. പരമ്പരാഗത ശൈലിയും മോഡേൺ ലുക്കും സമന്വയിപ്പിച്ചുള്ള പരീക്ഷണങ്ങൾക്കാണ് ഇത്തവണയും ആവശ്യക്കാർ. കൂട്ടത്തിൽ സാരിതന്നെ താരം. ഗോൾഡൻ, സിൽവർ, മെറ്റാലിക് ടിഷ്യൂ തുണിയിൽ തീർത്ത സാരികൾക്ക് ആവശ്യക്കാരേറെ. ഇളംനീല, പച്ച, പീച്ച് തുടങ്ങിയ നിറങ്ങളിൽ കസവ് കരകളിലുള്ള സാരികളും വിൽപ്പനയിൽ മുന്നിൽ. തുണിയിലും മുന്താണിയിലും ചിത്രങ്ങൾ പ്രിന്റ് ചെയ്ത സാരികൾ, തുന്നൽ ചിത്രങ്ങൾ അടങ്ങിയ സാരികളുമുണ്ട്. പ്രകൃതിരംഗങ്ങൾ, പൂക്കൾ തുടങ്ങിയവ പതിപ്പിച്ച കലംകാരി സാരികളും പ്രിയപ്പെട്ടവയാണ്. കനംകുറഞ്ഞ ടിഷ്യൂ സാരികളും സെറ്റ് മുണ്ടുകളും തരംഗമാണ്. സാരിക്ക് ഇണങ്ങിയ ബ്ലൗസുകൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധയുണ്ട്. ഹാൻഡ് എംബ്രോയ്ഡറി, ആരി വർക്ക്, എൽബോ ലെങ്ത് സ്ലീവുകളും സ്ലീവ്‌ലെസും ഭംഗി പകരുന്നു. ഓണാഘോഷങ്ങളിൽ കസവ് ലഹംഗകളോടാണ് പെൺകുട്ടികൾക്ക് പ്രിയം. കോൺട്രാസ്റ്റ് ബ്ലൗസുകളും ബോട്ടിൽ ഗ്രീൻ, മെറൂൺ, റോയൽ ബ്ലൂ കളറുകളിലുള്ള ദുപ്പട്ടകളും ഇതിൽ മുന്നിട്ടുനിൽക്കുന്നു. സ്വർണനിറത്തിൽ തുന്നിയതും ചിത്രങ്ങൾ അടങ്ങിയതുമായ പട്ടുപാവാടകളാണ് കുട്ടികൾക്കിടയിൽ താരം. ഖാദി തുണിത്തരങ്ങളിൽ ജില്ലയുടെ തനത് നിർമാണങ്ങളായ ശ്രീകൃഷ്ണപുരം സിൽക്കിനും ചിതലി പട്ടിനും ആരാധകരേറെ. പൂക്കളവും ചിത്രങ്ങളും പതിപ്പിച്ച ഷർട്ട്, കുർത്ത, മുണ്ട് എന്നിവയാണ് യുവാക്കൾ തേടിയെത്തുന്നത്. ദോത്തികളിൽ കുപ്പടം കര, പേട്ടുക്കുപ്പടം, ഡബാകുപ്പടം എന്നിവയ്ക്കാണ് ആവശ്യക്കാർ. കടകളിൽ ഓണം പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചതോടെ ബാഗി ജീൻസ്, ക്രോപ് ടോപ്, ഷോർട്ട് കുർത്തി, ടാങ് ടോപ്, അനാർക്കലി സ്യൂട്ട്, പലാസ കോഡ്‌സെറ്റ്, ജെംസ്യൂട്ട്, സ്കെർട്ടും ടോപ്പും ഓർഗൻസ്, ബനാറസ്, ഡിജിറ്റൽ പ്രിന്റഡ്, ടിഷ്യൂ, കോട്ടൺ, അകോബ, റയോൺ ഷിഫോൺ വസ്‌ത്രങ്ങളും ചുരുങ്ങിയ വിലയിൽ വിപണിയിലുണ്ട്.










0 comments