കൂടുതൽ ഉൽപ്പന്നങ്ങളുമായി കേരള ചിക്കൻ
ഇനി നഗട്സും ഹോട്ട് ഡോഗും

ടി എസ് അഖിൽ
Published on Jul 04, 2025, 12:35 AM | 1 min read
പാലക്കാട്
ചുരുങ്ങിയകാലംകൊണ്ട് ഇഷ്ട കോഴിയിറച്ചി ബ്രാൻഡായി മാറിയ കേരള ചിക്കൻ കൂടുതൽ ഉൽപ്പന്നങ്ങളുമായി എത്തുന്നു. അഞ്ച് ജില്ലകളിൽ നടപ്പാക്കി വിജയിച്ച സംസ്കരിച്ച കോഴി ഇറച്ചി ഉൽപ്പന്നങ്ങളും റെഡി ടു ഈറ്റ് വിഭവങ്ങളുമാണ് ഔട്ട്‌ലെറ്റുകളിൽ എത്തിക്കാൻ പദ്ധതിയിടുന്നത്. ചിക്കൻ നഗട്സ്, ഹോട്ട് ഡോഗ് തുടങ്ങിയവ ഗുണമേന്മയോടെ വിലക്കുറവിൽ വാങ്ങാനാകും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് സംസ്കരിച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുക. ഇവ നിർമിക്കാൻ കുടുംബശ്രീ യൂണിറ്റുകളുമായി കരാറുണ്ടാക്കും. സംസ്കരിച്ച ഭക്ഷണ വിഭവ നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന നൽകും .
731 ടൺ വിൽപ്പന
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ 731.01 ടൺ കോഴിയിറച്ചിയാണ് കേരളചിക്കൻ വിൽപ്പന നടത്തിയത്. ജില്ലയിലെ ഏഴ് ഔട്ട്‌ലെറ്റുകളിൽനിന്നുള്ള കണക്കാണിത്. ശരാശരി 2000 കിലോയാണ് ആകെ വിൽപ്പന. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 192 ടണ്ണും വിറ്റു. മാർക്കറ്റ് വിലയിലും കുറഞ്ഞ നിരക്കിൽ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ കോഴിയിറച്ചി ലഭിക്കും. ജില്ലയിലെ 25 ഫാമുകളിലാണ് ഉൽപ്പാദനം. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ കുടുംശ്രീ അംഗങ്ങളായ കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ ഇറക്കി നൽകും. സൗജന്യമായാണ് ഒരുദിവസം പ്രായമായ കുഞ്ഞ്, തീറ്റ എന്നിവ നൽകുന്നത്. വളർച്ചയെത്തിയ കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന നടത്തും.
വേണം കൂടുതൽ ഫാമുകളും ഔട്ട്‌ലെറ്റുകളും
നിലവിൽ കോഴിയിറച്ചി വിപണിയുടെ രണ്ട് ശതമാനം മാത്രമാണ് കേരള ചിക്കനുള്ളത്. ഇത് വരും വർഷങ്ങളിൽ 25 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇറച്ചി ആവശ്യകത കൂടുതലുള്ള ഉത്സവ നാളുകളിൽ ഉൽപ്പാദനം തികയാത്ത അവസ്ഥയുണ്ട്. കൂടുതൽ ഫാമുകൾ സ്ഥാപിക്കുകയാണ് ഇതിനുള്ള പരിഹാരം. തമിഴ്‌നാട്ടിലെ ഫാമുകളിൽനിന്നുള്ള കോഴിയാണ് കൂടുതൽ വിപണിയിലെത്തുന്നത്.









0 comments