അടിക്കടിയുള്ള ആപ്പ് പരിഷ്‌കരണം
തൊഴിലുറപ്പ് തൊഴിലാളികളും മേറ്റുമാരും ദുരിതത്തിൽ


സ്വന്തം ലേഖകൻ
Published on Nov 09, 2026, 01:25 AM | 1 min read
പാലക്കാട്
തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്താനുപയോഗിക്കുന്ന നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം (എൻഎംഎംഎസ്) ആപ് മുന്നറിയിപ്പില്ലാതെ അടിക്കടി പരിഷ്‌കരിക്കുന്നത് മേറ്റുമാർക്കും തൊഴിലാളികൾക്കും ദുരിതമാകുന്നു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് ആപ് പരിഷ്‌കരിക്കുന്നത്. തൊഴിൽ സ്ഥലത്തുവച്ചുതന്നെ ഹാജർ രേഖപ്പെടുത്തുക, പണിസ്ഥലത്തെ വിവരങ്ങളും തൊഴിലാളികളുടെ ചിത്രങ്ങളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യുക, തൊഴിലാളികളുടെ കൂലി വിതരണം വേഗത്തിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ആപ് ഉപയോഗിക്കുന്നത്. മന്ത്രാലയം ആപ് പരിഷ്‌കരിച്ച് ട്രയൽ നടത്താറുണ്ടെങ്കിലും ഫീൽഡ് ജീവനക്കാരെ ഇതിൽ പങ്കാളികളാക്കുകയോ മുൻകൂട്ടി വിവരം അറിയിക്കുകയോ ചെയ്യുന്നില്ല. പരിഷ്‌കരണം നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് അറിയിക്കുന്നത്. തൊഴിലിടങ്ങളിൽ ഹാജർ രേഖപ്പെടുത്താനെത്തുമ്പോഴാണ് പലപ്പോഴും ഇത് അറിയുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവർത്തനരീതി, പ്രായോഗിക ബുദ്ധിമുട്ട് എന്നിവ വിശദീകരിക്കാൻ മേറ്റുമാർക്ക് കഴിയാറില്ല. ആപ്പിന്റെ സാങ്കേതിക പ്രശ്‌നംകാരണം തൊഴിലാളികൾ ഹാജർ രേഖപ്പെടുത്താനാകാത്ത സാഹചര്യത്തിൽ ശമ്പളം ലഭിക്കില്ല. ഇതോടെ പലരും ജോലി ചെയ്യാതെ മടങ്ങും. കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് ഭക്ഷണപ്പൊതിയുമായി എത്തുന്ന തൊഴിലാളികളാണ് ഇൗ ദുരിതമനുഭവിക്കുന്നത്. നന്നായി പ്രവർത്തിക്കുന്ന ആപ്പ് എന്തിനാണ് ഇടയ്‌ക്കിടെ പരിശോധിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. ആയിരങ്ങൾക്ക് ആശ്വാസമാകുന്ന പദ്ധതി തകർക്കാനാണിതെന്നാണ് സൂചന.









0 comments