print edition ജൂനിയർ കിരീടം തേടി കേരളം

ദേശീയ ജൂനിയർ സ്--കൂൾ അത്ലറ്റിക് മീറ്റിനായി മധ്യപ്രദേശിലെ ശിവപുരിയിലേക്ക് പുറപ്പെടുന്ന കേരള ടീമിന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ യാത്രയയപ്പ് നൽകിയപ്പോൾ
തൃശൂർ: ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിനുള്ള കേരളത്തിന്റെ ആൺകുട്ടികളുടെ ടീം പുറപ്പെട്ടു. കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് എച്ച്‌എസ്‌എസിലെ പരിശീലനക്യാന്പിനുശേഷമാണ് ടീം തൃശൂരിൽനിന്നും ട്രെയിനിൽ യാത്ര തിരിച്ചത്. പെൺകുട്ടികളുടെ ടീം 15ന് പുറപ്പെടും. മധ്യപ്രദേശിലെ ശിവപുരി മാധവറാവു സിന്ധ്യ ഖേൽ പരിസർ ഗ്രൗണ്ടിലാണ് മീറ്റ്. 12 മുതൽ 16വരെ ആൺകുട്ടികളുടെയും 19 മുതൽ 23വരെ പെൺകുട്ടികളുടെയും മത്സരങ്ങൾ നടക്കും. 29 ആൺകുട്ടികളും 32 പെൺകുട്ടികളും ഒമ്പത് ഒഫീഷ്യലുകളുമടക്കം 70 അംഗ കേരള ടീമാണ് ദേശീയ മീറ്റിന് തയ്യാറെടുക്കുന്നത്.
സംസ്ഥാന മീറ്റിൽ ഇരട്ട റെക്കോഡ് നേടിയ ശ്രീഹരി കരിക്കൻ (400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്), വ്യക്തിഗത ചാമ്പ്യനായ അൽക്ക ഷിനോജ് (800, 1500), ഇരട്ട സ്വർണം നേടിയ അബിയ ആൻ ജിജി (ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്), ഇവാന ടോമി (200 മീറ്റർ, 400 മീറ്റർ), വിഷാനു യാദവ് (ലോങ്ജമ്പ്), മുഹമ്മദ് റബീഹ് (ഹൈജമ്പ്), ഗൗരേഷ് ബിനോയ് (110 മീറ്റർ ഹർഡിൽസ്), ജിൽഷ ജിനിൽ (100 മീറ്റർ), ആർ ലയനകൃഷ്‌ണ (3000 മീറ്റർ), അർച്ചിത് എസ് നായർ (400 ഹർഡിൽസ്) എന്നിവരാണ് ടീമിലെ പ്രധാനികൾ. കഴിഞ്ഞ വർഷം ലഖ്‌നൗവിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ കേരളം - ചാമ്പ്യൻമാരായിരുന്നു. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും ജേതാക്കളായി.
കെ നന്ദഗോപാലനാണ് ചീഫ് കോച്ച്. കായികാധ്യാപകരായ എം അരവിന്ദാക്ഷൻ, അജിത് ഇട്ടി വർഗീസ്, കെ സൂര്യമോൾ, എസ് ശാന്തി, സെയ്ബി ബേബി, പി എം ശ്രീനിഷ് എന്നിവരും ഒപ്പമുണ്ട്. ജിക്കു സി ചെറിയാനാണ് ടീം ജനറൽ മാനേജർ. സി ലക്ഷ്‌മണൻ മാനേജരും. രണ്ടു ഡോക്ടർമാർ, ഫിസിയോ, പാചകസംഘം എന്നിവരും ടീമിനൊപ്പമുണ്ട്.








0 comments