print edition എൻഎച്ച്‌എമ്മിനെതിരായ അന്വേഷണം; അവസരം മുതലാക്കി നിയമന അട്ടിമറി നീക്കം

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തി (എൻഎച്ച്എം)നെതിരെയുള്ള അന്വേഷണത്തിന്റെ മറവിൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ട് യുഡിഎഫ് സർക്കാർ. നിലവിലെ, ജീവനക്കാർക്ക് യോഗ്യതയില്ലെന്ന് വരുത്തി പകരം സ്വന്തക്കാരെ നിയമിക്കാനാണ് നീക്കം. പരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും ശ്രമമുണ്ട്. പിൻവാതിൽ നിയമനമാണ് ലക്ഷ്യം.
യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ജൂണിൽ എൻഎച്ച്‌എം ചീഫ് എൻജിനിയർ തസ്തികയിൽ ഇത്തരത്തിൽ മാനദണ്ഡം അട്ടിമറിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ വഴി മാത്രം നിയോഗിക്കാറുള്ള പദവിയിലേക്കാണ് നേരിട്ടുള്ള കരാർ നിയമനം നടത്തിയത്. നിലവിൽ, ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് അവഗണിച്ചാണ് 1495 താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പുറത്താക്കിയത്. പകർച്ചവ്യാധി പ്രതിരോധത്തെ ബാധിക്കുമെന്നതിനാൽ എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്‌പി (ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം) അഥവാ സംയോജിത രോഗ നിരീക്ഷണ പരിപാടി, എൻവിബിഡിസിപി ( നാഷണൽ വെക്-ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം) ജീവനക്കാരെ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഡയറക്-ടർ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നല്‍കി. ഇത്, അവഗണിച്ചാണ് ഡോക്-ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ കരാർ സർക്കാർ പുതുക്കാതിരിക്കുന്നത്. പാലിയേറ്റീവ് കെയർ, വാക്-സിനേഷൻ, ജീവിതശൈലീ രോഗനിയന്ത്രണം തുടങ്ങിയ പ്രധാന പദ്ധതികളെ ഇതിനകംതന്നെ ജുവനക്കാരുടെ പിരിച്ചുവിടൽ പ്രതികൂലമായി ബാധിച്ചു.
ആരോഗ്യമേഖലയാകെ പ്രതിസന്ധിയിലേക്ക് നീങ്ങിയിട്ടും പിരിച്ചുവിട്ടതിനെ ന്യായീകരിക്കുകയാണ് സർക്കാർ. ഇത്രയും ജീവനക്കാരുടെ സേവനം ആരോഗ്യവകുപ്പിന് ആവശ്യമില്ലെന്നും ഇവർക്ക് യോഗ്യതയില്ലെന്നുമാണ് വാദം. ആയുഷ്, ഹോമിയോ വിഭാഗത്തിലെ ജീവനക്കാരെയും സമാനരീതിയിൽ പുറത്താക്കി. ആയുഷിൽ തൊഴിലാളി സംഘടനയുടെ ജില്ലാ നേതാക്കളെയുൾപ്പെടെ വിദൂരജില്ലകളിലേക്ക് സ്ഥലംമാറ്റി.
ഹോമിയോയിൽ 50 പേർ പുറത്ത്
സംസ്ഥാനത്ത് എൻഎച്ച്‌എം മുഖേനെ വിവിധ ഹോമിയോ ഡിസ്‌പെൻസറികളിൽ ജോലിചെയ്തിരുന്ന 50 ഡോക്ടർമാരെ മുന്നറിയിപ്പില്ലാതെ പുറത്താക്കി. തിരുവനന്തപുരം – ആറ്, എറണാകുളം – ഒമ്പത്, തൃശൂർ, പാലക്കാട് – അഞ്ച്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് – നാല്, വയനാട് – മൂന്ന്, കോട്ടയം, കോഴിക്കോട് – രണ്ട്, കൊല്ലം, മലപ്പുറം – ഒന്ന്, എന്നിങ്ങനെയാണ് പിരിച്ചുവിട്ടത്. ഇവർക്ക് പകരം തൊട്ടടുത്ത ഡിസ്‌പൻസറികളിലെ ഡോക്ടർമാർക്ക് ചാർജ് നൽകിയതും പ്രതിസന്ധി ഇരട്ടിയാക്കി.








0 comments