print edition എക്‌സൈസ് കമീഷണർ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയില്ല; അഴിമതിക്കാർ മന്ത്രിയുടെ വിശ്വസ്തർ

തിരുവനന്തപുരം: എക്‌സൈസ് കമീഷണറായിരുന്ന സീറാം സാംബശിവ റാവു വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌ത രണ്ട് ഉദ്യോഗസ്ഥരും എക്‌സൈസ് മന്ത്രി എം ലിജുവിന്റെ വിശ്വസ്തർ. കമീഷണറേറ്റിലെ ജോയിന്റ് എക്‌സൈസ് കമീഷണർ എസ് വിനോദ്, ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ കെ ആർ അജയ് എന്നിവരുടെ അഴിമതിയെക്കുറിച്ച് മുമ്പും സീറാം സാംബശിവ റാവു മന്ത്രിയെ അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ ഇക്കാര്യം അറിയില്ലെന്നാണ് മന്ത്രി ലിജു ശനിയാഴ്ച പ്രതികരിച്ചത്.
കമീഷണറുടെ റിപ്പോർട്ടും മുന്നറിയിപ്പും അവഗണിച്ച് ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. കമീഷണർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച് അഴിമതിക്കാരെ ഫീൽഡ് പോസ്റ്റുകളിൽ നിയോഗിച്ചതിനുപിന്നിലും ഗൂഢലക്ഷ്യങ്ങളുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിനും കൈക്കൂലി വാങ്ങുന്നതിനും തെളിവോ ശുപാർശയോ ലഭിച്ചാൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. മന്ത്രിയുടെ സ്വന്തം ജില്ലയില്‍ എക്‌സൈസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമീഷണര്‍ കെ ആര്‍ അജയ്‌ക്കെതിരെ നേരത്തെയും വിജിലൻസ് പരിശോധനകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. മധ്യമേഖലയിലെ അഞ്ച് ജില്ലയുടെ ചുമതലയുള്ള ജോയിന്റ് കമീഷണര്‍ എസ് വിനോദ് കുമാറിന്റെ പേരും മുന്‍പ് സ്പിരിറ്റ് മാഫിയയുടെ ഡയറിയില്‍ കണ്ടെത്തിയതായി വിവരമുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സുപ്രധാന പദവികളിലേക്ക് ഇവരെ നിയമിച്ചത്. വകുപ്പിലെ സ്ഥലമാറ്റങ്ങളും നിയമനങ്ങളും പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഉന്നതതല ഇടപെടലുകൾ കാരണം അത് സാധ്യമായില്ലെന്നും കമീഷണറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മദ്യനയം, ബാർലൈസൻസ് നൽകൽ, ഉദ്യോഗസ്ഥ സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച് മന്ത്രിയും കമീഷണറും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ബാർ ലൈസൻസുകൾ പുതുക്കിയത് സംബന്ധിച്ച തർക്കത്തിൽ കമീഷണറെ തള്ളിപ്പറഞ്ഞ മന്ത്രി അദ്ദേഹത്തെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കെഎസ്‌ഇബി സിഎംഡിയായിരുന്ന എം ജി രാജമാണിക്യത്തിനുപിന്നാലെ സീറാം സാംബശിവറാവുവിനെ നീക്കിയത് മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
എക്-സെെസിൽ അഴിമതിയും കൂട്ട സ്ഥലംമാറ്റവും വ്യാപകം
എക്‌സൈസ് കമീഷണറായിരുന്ന സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട് വകുപ്പിൽ അടിമുടി അഴിമതിയും ക്രമക്കേടുകളുമെന്ന് വ്യക്തമാക്കുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മാനദണ്ഡങ്ങളും ചട്ടങ്ങളും അവഗണിച്ച് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. പിരിവിന് കൂടുതൽ സാധ്യതകളുള്ള സർക്കിളുകളിലേക്കും ഫീൽഡ് ഓഫീസുകളിലേക്കും സ്വന്തം ആളുകളെ നിയമിച്ചു. എക്‌സൈസ് വകുപ്പിലെ ചട്ടപ്രകാരം ഫീൽഡ് ഓഫീസുകളിൽ ജീവനക്കാർക്ക് രണ്ടു വർഷംവരെ ജോലി ചെയ്യാമെന്നാണ് വ്യവസ്ഥ. എന്നാൽ, രണ്ടുവർഷം പൂർത്തിയാക്കാത്തവരെയും മൂന്ന് മാസത്തിനുള്ളിൽ സ്ഥലം മാറിയെത്തിയവരെയും ഒരു മാനദണ്ഡവുമില്ലാതെ മാറ്റിയത്.
എൻഫോഴ്‌സ്‌മെന്റിൽ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ മാറ്റിയിരുന്നു. യുഡിഎഫ് സർക്കാർ വന്നതോടെ എക്‌സൈസ് വകുപ്പിൽ പഴയതുപോലെ ‘പിരിവുകാലം’ തിരിച്ചെത്തിയെന്ന് ബാറുടമകൾ ഉൾപ്പെടെ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് ആലപ്പുഴയിൽ ഉൾപ്പെടെ എക്‌സൈസ് റേഞ്ച് ഓഫീസിലും നഗരത്തിലെ ചില ബാറുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും രാഷ്ട്രീയ സമ്മർദത്തിൽ പലതും മൂടിവച്ചു.
ബാർ ലൈസൻസ് നൽകേണ്ടെന്ന് സർക്കുലർ
സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുംവരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് എക്‌സൈസ് വകുപ്പ് സർക്കുലർ. എക്‌സൈസ് കമീഷണറുടെ ചുമതല വഹിക്കുന്ന അഡിഷണൽ എക്‌സൈസ് കമീഷണർ ആർ ജയശങ്കറാണ് സർക്കുലർ ഇറക്കിയത്. ലൈസൻസ് അനുവദിക്കുന്നതിന് സർക്കാരിന് മുന്നിൽവന്ന അപേക്ഷ പരിഗണിക്കേണ്ടെന്നാണ് നിർദേശം.
ബാർലൈസൻസ് നൽകുന്നതിന് നിലവിലുള്ള ഓൺലൈൻ സംവിധാനം അട്ടിമറിക്കുന്നത് ദുരുദ്ദേശ്യത്തോടെയെന്നാണ് വിവരം. ലൈസൻസിനായി രാഷ്ട്രീയനേതൃത്വത്തിന്റെ അടുക്കലേക്ക് ബാറുടമകളെ എത്തിക്കുകയാണ് തന്ത്രം. പുതിയ ബാർ ലൈസൻസ് അനുവദിക്കണമെങ്കിൽ സർക്കാരിന്റെ അനുമതിവേണം. ലൈസൻസിനുള്ള നടപടിക്രമം ഓൺലൈനാക്കി സുതാര്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തത്. ഇത് അട്ടിമറിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ലൈസൻസ് പുതുക്കി നൽകിയത് നിയമപ്രകാരമല്ല, എന്ന ആരോപണം ഉയർത്തി ബാറുടമകളെ ഭീഷണിപ്പെടുത്താനും നീക്കമുണ്ട്.








0 comments