തദ്ദേശ വകുപ്പിലെ കൂട്ട സ്ഥലമാറ്റം; എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

പാലക്കാട് എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
തദ്ദേശവകുപ്പിൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി കൂട്ട സ്ഥലമാറ്റം നടത്തുന്നതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ പാലക്കാട് എൽഎസ്ജിഡി ജോ. ഡയറക്ടർ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് കണ്ണൻകുട്ടി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി രാജേഷ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം എ കെ മുരുകദാസ് നന്ദിയും പറഞ്ഞു. തദ്ദേശ പൊതു സർവീസിൽ ഓൺലൈൻ പൊതുസ്ഥലംമാറ്റ സംവിധാനം അട്ടിമറിച്ച് ഒറ്റ ദിവസം നാല് ഉത്തരവുകളിലായി 410 സീനിയർ ക്ലർക്കുമാരെയാണ് സ്ഥലംമാറ്റിയത്. ഒരു സ്റ്റേഷനിൽ ആറുമാസംപോലും പൂർത്തിയാക്കാത്തവരെയും മാനദണ്ഡങ്ങളോ അപേക്ഷയോ പരിഗണിക്കാതെ കൂട്ടത്തോടെ മാറ്റിയിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 03/2017 സർക്കുലർ വഴി നിലവിൽവന്ന സുതാര്യമായ രീതി അട്ടിമറിക്കപ്പെട്ടത് സിവിൽ സർവീസിൽ വലിയ അഴിമതിക്ക് വഴിവച്ചിരിക്കുകയാണെന്നും ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റ ഉത്തരവുകൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.









0 comments