കൂട്ടായ പരിശ്രമത്തിന്റെ വിജയം: ഡിവൈഎസ്‌പി

എൻ മുരളീധരൻ
പാലക്കാട്
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധിശിക്ഷ ലഭിച്ചത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി എന്‍ മുരളീധരന്‍ പറഞ്ഞു. അന്വേഷകസംഘത്തിന്റെ കണ്ടെത്തലുകൾ എല്ലാം കോടതി ശരിവച്ചു. അതുകൊണ്ടാണ് ദൃക്‌സാക്ഷി ഉള്‍പ്പെടെ നാലുസാക്ഷികള്‍ കൂറുമാറിയിട്ടും കേസിനെ ബാധിക്കാതിരുന്നത്. സജിത കൊലക്കേസില്‍ ഫോറന്‍സിക് ലാബില്‍നിന്നുള്ള ഫലം കിട്ടാന്‍ അഞ്ചുവര്‍ഷമെടുത്തു. ഇൗ കേസിൽ 14–ാം ദിവസംതന്നെ തൃശൂര്‍ പൊലീസ് അക്കാദമിയിലുള്ള റീജണല്‍ ഫോറന്‍സിക് ലാബില്‍നിന്ന് ഡിഎന്‍എ പരിശോധനയുടേത് ഉള്‍പ്പെടെയുള്ള ഫലം കിട്ടിയത് സഹായകമായി. സാക്ഷികളുടെ ഗൂഗിള്‍ ടൈം ലൈനും എടുത്തിരുന്നു. 2025 ഫെബ്രുവരി മൂന്നിന് ജില്ലാ പൊലീസ് ഓഫീസില്‍ മോക്ക് ട്രയല്‍ നടത്തി. അന്നത്തെ റേഞ്ച് ഡിഐജി ഹരിശങ്കര്‍ പ്രതിഭാഗം അഭിഭാഷകനായും ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ ജഡ്ജിയായും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ച് ഡെമോ ട്രയൽ നടത്തി. അന്ന് ചോദിച്ച ചോദ്യത്തേക്കാള്‍ കൂടുതലൊന്നും പിന്നീട് കോടതിയിലും ചോദിച്ചില്ല. കുറ്റപത്രം ചാറ്റ് ജിപിടിയില്‍ നല്‍കി അതിൽനിന്ന് കിട്ടിയ ചോദ്യങ്ങളാണ് പ്രതിഭാഗം വിചാരണവേളയിൽ ചോദിച്ചത്. അതിന് ഉത്തരംപറയുക എളുപ്പമായിരുന്നെന്നും ഡിവൈഎസ്‌പി പറഞ്ഞു.









0 comments