ad
Deshabhimani

നെന്മാറ ഇരട്ടക്കൊലപാതകം: വിധി ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 20, 2026, 12:57 AM | 1 min read

പാലക്കാട്‌

നെന്മാറ പോത്തുണ്ടി ബോയൻ ഉന്നതിയിൽ തിരുത്തന്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അയൽവാസി ചെന്താമരയുടെ (ചെന്താമരാക്ഷൻ–60) ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജാണ്‌ ശിക്ഷ വിധിക്കുക. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന്‌ 13ന്‌ കോടതി കണ്ടെത്തിയിരുന്നു. 15ന്‌ ശിക്ഷാവിധിയിലും 16ന്‌ ശിക്ഷയുടെ കാഠിന്യം കുറയ്ക്കാൻ ജില്ലാ നിയമ സഹായ വേദി കോടതിക്ക് സമർപ്പിച്ച രേഖയിലും (മിറ്റിഗേഷന്‍ റിപ്പോര്‍ട്ട്) കോടതി വാദം കേട്ടു. ഇരട്ടക്കൊലയ്‌ക്ക്‌ ബിഎൻഎസ്‌ 103–1, സുധാകരനെ തടഞ്ഞുവച്ചതിന്‌ ബിഎൻഎസ്‌ 126–2 വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. 2025 ജനുവരി 27നാണ്‌ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴാണ്‌ ഇരട്ടക്കൊലപാതകം നടത്തിയത്‌. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. 2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ആദ്യകൊലപാതകത്തിൽ 2025 ഒക്‌ടോബർ 15ന്‌ ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ചെന്താമര പ്രതിയായ ആദ്യ കേസിൽ വിധിപറഞ്ഞ ജഡ്‌ജിതന്നെയാണ്‌ രണ്ടാമത്തെ കേസിലും വിധിപറയുന്നത്‌. എം ജെ വിജയകുമാറാണ്‌ രണ്ട്‌ കേസുകളിലും പബ്ലിക്‌ പ്രോസിക്യൂട്ടർ. ചുരുങ്ങിയ കാലയളവിൽ 132 സാക്ഷികളിൽനിന്ന്‌ പ്രോസിക്യൂഷൻ തെളിവിലേയ്ക്കാവശ്യമായ 81 സാക്ഷികളെയും 91 രേഖകളും 28 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ആലത്തൂർ ഡിവൈഎസ്‌പി മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home