ad
Deshabhimani

നെന്മാറ ഇരട്ടക്കൊലപാതകം

കേസ്‌ ഇന്ന്‌ വീണ്ടും പരിഗണിക്കും

കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ അതുല്യയും അഖിലയും കോടതിവളപ്പിൽനിന്ന് പുറത്തേക്ക് പോകുന്നു
വെബ് ഡെസ്ക്

Published on Jul 16, 2026, 02:00 AM | 2 min read

പാലക്കാട്‌

നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ തിരുത്തന്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ–60) കൊലപ്പെടുത്തിയ കേസ്‌ കോടതി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. ജില്ലാ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിന്റെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് (പ്രതിക്ക് ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനായി കോടതിക്ക് സമർപ്പിക്കുന്ന രേഖ) പരിഗണിച്ചശേഷമാകും വിധി പ്രസ്‌താവം. അമിക്കസ് ക്യൂറി നിയോഗിച്ച മൂന്നംഗ അഭിഭാഷക സംഘം ചൊവ്വാഴ്ച ജയിലിലെത്തി പ്രതി ചെന്താമരയെ കണ്ടിരുന്നു. ബുധനാഴ്‌ചയും ഇവര്‍ പ്രതിയുമായി സംസാരിച്ചു. ഇതുസംബന്ധിച്ച മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും. വീഡിയോ കോൺഫറൻസ്‌ വഴിയാകും പ്രതിയെ ഹാജരാക്കുക. ചെന്താമര കുറ്റക്കാരനാണെന്ന്‌ കഴിഞ്ഞ ദിവസം പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജ്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ ബുധനാഴ്‌ച ശിക്ഷാവിധിയിൽ വാദം കേട്ടു. പ്രതിക്ക്‌ വധശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതി സമൂഹത്തിന്‌ ഭീഷണിയാണ്‌. പശ്‌ചാത്താപമില്ല. പുനരധിവാസത്തിന്‌ സാധ്യതയില്ല. ചെന്താമര ഇനിയും കൊലചെയ്യാൻ സാധ്യതയുണ്ടെന്നാണ്‌ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്‌. സാക്ഷികളായ പുഷ്‌പ, ശിവരാജൻ, നന്ദിനി, മനു, പ്രവീൺ എന്നിവരെ അപായപ്പെടുത്താൻ സാധ്യതയുണ്ട്‌. താൻ ഗാന്ധിജിയല്ലെന്ന്‌ ചെന്താമര കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞത്‌ അയാളുടെ സമീപനത്തെയാണ്‌ കാണിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. സാഹചര്യത്തെളിവുകളല്ലാതെ പ്രതിയിലേക്ക്‌ നേരിട്ടെത്തുന്ന തെളിവുകൾ ഇല്ലെന്ന്‌ പ്രതിഭാഗം വാദിച്ചു. കേസിൽ ദൃക്‌സാക്ഷികളില്ല. കുറ്റവാളിയെ തീരുമാനിച്ചശേഷം തെളിവുകൾ കണ്ടെത്തുകയായിരുന്നു. ശിക്ഷയിൽ പരമാവധി ഇളവ്‌ നൽകണമെന്നും പ്രതിഭാഗം വാദിച്ചു. ഇരട്ടക്കൊലപാതകത്തിന്‌ (ബിഎൻഎസ്‌ 103–1), സുധാകരനെ തടഞ്ഞുവച്ചതിന്‌ (ബിഎൻഎസ്‌ 126–2) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്‌. 2025 ജനുവരി 27നാണ്‌ കേസിനാസ്‌പദമായ സംഭവം. സുധാകരന്റെ ഭാര്യ സജിത(35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെന്താമര ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഇരട്ടക്കൊലപാതകം. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. 2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. ആദ്യകൊലപാതകത്തിൽ 2025 ഒക്‌ടോബർ 15നാണ്‌ ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്‌. എം ജെ വിജയകുമാറാണ്‌ രണ്ട്‌ കേസുകളിലും പബ്ലിക്‌ പ്രോസിക്യൂട്ടർ.


കൂസലില്ലാതെ ചെന്താമര

പാലക്കാട്‌

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിധിയറിയാൻ കാത്തിരിക്കുമ്പോഴും കുറ്റബോധമില്ലാതെ പ്രതി ചെന്താമര. പ്രതിഭാഗം വക്കീലിനോട്‌ സംസാരിച്ചും പൊലീസുകാരോട്‌ ചിരിച്ചുമായിരുന്നു കോടതി വരാന്തയിൽ പ്രതിയുടെ പെരുമാറ്റം. ബുധൻ പകൽ പതിനൊന്നോടെ ചെന്താമരയെ പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക്‌ എത്തിച്ചു. പൊലീസ്‌ വാഹനത്തിൽനിന്ന്‌ ഇറങ്ങുമ്പോൾ മാധ്യമങ്ങൾ എന്തെങ്കിലും പറയാനുണ്ടോയെന്ന്‌ ആവർത്തിച്ച്‌ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. പൊലീസ്‌ വലയത്തിൽ കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ എത്തി. മറ്റുള്ള കേസുകൾ കോടതി ആദ്യം പരിഗണിച്ചു. ഇ‍ൗ സമയത്താണ്‌ പ്രതിഭാഗം അഭിഭാഷകനുമായും പൊലീസുകാരുമായും പ്രതി സംസാരിച്ചത്‌. ഇടയ്‌ക്ക്‌ താഴെ കൂടിനിൽക്കുന്ന മാധ്യമപ്രവർത്തകരെ നോക്കി. പകൽ 12ന്‌ ജഡ്‌ജി കെന്നത്ത്‌ ജോർജ്‌ കേസ്‌ വിളിച്ചു. പ്രതിക്കൂട്ടിൽ കയറിയ ചെന്താമര പ്രോസിക്യൂഷന്റെയൂം പ്രതിഭാഗത്തിന്റെയും വാദങ്ങൾ നിസ്സംഗമായി കേട്ടുനിന്നു. കേസ്‌ വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റിയശേഷം പൊലീസുകാർക്കൊപ്പം കോടതി വിട്ടു. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും പ്രതികരിക്കാതെ പൊലീസ്‌ സംരക്ഷണയിൽ വീണ്ടും വാഹനത്തിലേക്ക്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home