4,701 പേർ നീറ്റ് പരീക്ഷയെഴുതി

പാലക്കാട് പിഎംജി എച്ച്എസ്എസിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനിക്ക് കൈയിലെ ബാഗിൽനിന്ന് ആവശ്യമായ രേഖകൾ കൈമാറുന്ന രക്ഷിതാവ്
പാലക്കാട്
ജില്ലയിലെ 4,701 കുട്ടികൾ മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നീറ്റ് പരീക്ഷയെഴുതി. 4,977 കുട്ടികളാണ് ആകെ രജിസ്റ്റർ ചെയ്തിരുന്നത്. ജില്ലയിലെ 11 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു പരീക്ഷ. പകൽ 11 മുതൽ ഒന്നുവരെയായിരുന്നു റിപ്പോർട്ടിങ് സമയം. പരീക്ഷാ കേന്ദ്രങ്ങളിൽ പൊലീസ് സബ് ഡിവിഷനുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കി. ചോദ്യപേപ്പറുകളുള്ള ട്രങ്കുകൾക്കും പരീക്ഷയ്‌ക്കുശേഷമുള്ള ഉത്തരക്കടലാസുകൾക്കും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാരുടെ ആവശ്യപ്രകാരം സുരക്ഷയൊരുക്കി. പരീക്ഷാകേന്ദ്രങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ നേരത്തെ കെഎസ്ഇബിക്ക് നിർദേശം നൽകിയിരുന്നു. രാവിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ കൃത്യസമയത്ത് കേന്ദ്രങ്ങളിലെത്തണമെന്ന് കലക്ടർ പരീക്ഷാർഥികൾക്ക് നിർദേശം നൽകിയിരുന്നു.
കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം
മെഡിക്കല്‍, അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി കുഴപ്പിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷ എളുപ്പമായിരുന്നെന്നാണ് വിദ്യാര്‍ഥികളുടെ വിലയിരുത്തല്‍. എളുപ്പമായത് കൊണ്ടുതന്നെ കട്ട് ഓഫ് മാര്‍ക്ക് കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കെമിസ്ട്രി, ബയോളജി എന്നിവ എളുപ്പമായിരുന്നെങ്കിലും ഫിസിക്സിൽ ഉത്തരം നൽകാനുള്ള സമയം കുറഞ്ഞതായി പലരും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഒന്നേകാൽലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഞായറാഴ്ച പകല്‍ രണ്ടുമുതല്‍ അഞ്ച് വരെയായിരുന്നു പരീക്ഷ. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി 22,79,743 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 58.46 ശതമാനം പെണ്‍കുട്ടികളായിരുന്നു.











0 comments