നീറ്റ് യുജി പുനഃപരീക്ഷയും എൻടിഎ പരിഷ്കരണവും: പാർലമെന്ററി സമിതി യോഗം നാളെ

നീട്ടി പുനഃപരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയെ പരിശോധിക്കുന്നു
ന്യൂഡൽഹി: ദേശീയ പ്രവേശന പരീക്ഷകളുടെ നടത്തിപ്പും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടനാപരമായ പരിഷ്കരണങ്ങളും അവലോകനം ചെയ്യുന്നതിനായി പാർലമെന്ററി സമിതി നാളെ യോഗം ചേരും. വിദ്യാഭ്യാസ-വനിത-ശിശു-യുവജന-കായിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ജൂലൈ 1-ന് രാവിലെ 10:30-ന് യോഗം ചേരുക.
അടുത്തിടെ നടന്ന നീറ്റ് യുജി 2026 പുനഃപരീക്ഷയുടെ നടത്തിപ്പും അതുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക. ദേശീയതലത്തിലുള്ള മത്സരപരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും പരീക്ഷാ സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടാണ് യോഗം.
നീറ്റ് പുനഃപരീക്ഷയിലെ കണ്ടെത്തലുകൾ, നേരിട്ട വെല്ലുവിളികൾ, പാഠങ്ങൾ എന്നിവ യോഗം വിലയിരുത്തും. എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പരീക്ഷാ നടത്തിപ്പിന്റെ വിശദാംശങ്ങളും സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളും സമിതിക്ക് മുന്നിൽ വിശദീകരിക്കും.
ദേശീയ പരീക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുക്കും. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള പരിഷ്കരണ ശുപാർശകൾ അദ്ദേഹം സമിതിക്ക് മുന്നിൽ അവതരിപ്പിക്കും.
വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചും, മാറുന്ന വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ പഠനരീതികളെക്കുറിച്ചും യോഗത്തിൽ ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.











0 comments